ADVERTISEMENT
ലാസ് വേഗാസ്: ഫ്രീസ്റ്റൈല്‍ ഗ്രാന്സ്ലാം ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ കൗമാര താരം ആര്. പ്രഗ്നാനന്ദ.
വെറും 39 നീക്കത്തില്‍ കാള്‍സനെ പ്രഗ്നാനന്ദ കീഴടക്കി. ലോക ചാമ്പ്യനായ ഡി. ഗുകേഷില്നിന്നേറ്റ തോല്‍വിയുടെ ആഘാതത്തില്‍നിന്നു മുക്തമാകുന്നതിനു മുമ്പാണ് മറ്റൊരു ഇന്ത്യന്‍ കൗമാരതാരത്തിനു മുന്നില്‍ കാള്‍സന്റെ തോല്‍വി.
വെള്ളക്കരുക്കളുമായി കളിച്ചാണ് പ്രഗ്നാനന്ദ കാള്‍സനെ വീഴ്ത്തിയത്. ജയത്തോടെ ഗ്രൂപ്പ് വൈറ്റില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയ പ്രഗ്നാനന്ദ, ക്വാര്‍ട്ടര്‍ ഫൈനലിനും യോഗ്യത നേടി. 93.9 ശതമാനം കൃത്യതയുമായി പ്രഗ്നാനന്ദ കരുനീക്കങ്ങളില്‍ മികവു പുലര്‍ത്തി. കാള്‍സനു പതിവിനു വിപരീതമായി 84.9 ശതമാനം കൃത്യത മാത്രമേ പുലര്ത്താനായുള്ളൂ.
ഇതോടെ ക്ലാസിക്കല്‍, റാപ്പിഡ്, ബ്ലിറ്റ്സ് ഫോര്‍മാറ്റുകളില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്പ്പിച്ചെന്ന നേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കി. കാള്സന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ആരംഭിച്ച ടൂര്‍ണമെന്റിലാണ്, ‘സ്ഥാപകനെ’തിരേ പ്രഗ്നാനന്ദയുടെ ജയമെന്നതും ശ്രദ്ധേയം.
അബ്ദുസത്രോവിനോട് സമനില, ബിബിസറയോടും വിന്‍സന്റ് കെയ്മറോടും ജയം എന്നിവയാണ് ഇതിന് പുറമെയുള്ള പ്രഗ്നാനന്ദയുടെ പ്രകടനങ്ങള്‍. പാരീസിലും കാള്ഷ്രൂഹിലും നടന്ന ഗ്രാന്സ്ലാമുകളില് ജയിച്ച കാള്സന് തന്നെയാണ് നിലവില്‍ ലോക ടൂറില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍, ലാസ് വേഗാസിലേറ്റ തിരിച്ചടിയോടെ കിരീടപ്പോരില്‍ നിന്നും പുറത്തായി. രണ്ട് ജയത്തോടെയാണ് കാള്സന് തുടങ്ങിയതെങ്കിലും ആദ്യം പ്രഗ്നാനന്ദയോടും പിന്നാലെ വെസ്ലിയോടും തോറ്റു. രണ്ട് പേരോട് സമനിലയും വഴങ്ങി.
ഗ്രൂപ്പ് ബ്ലാക്കില്നിന്ന് മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ അര്ജുന് എരിഗയ്സിയും ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഹികാരു നകാമുറ, ഹാന്‍സ് നീമാന് എന്നിവര്‍ക്കു പിന്നിലായാണ് അര്ജുന് മൂന്നാമതെത്തിയത്.
ലോക ചാംപ്യന്‍ ഡി. ഗുകേഷിന്റെ അസാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ടൂര്‍ണമെന്റില്‍, മറ്റൊരു ഇന്ത്യന്‍ താരം വിദിത് ഗുജറാത്തി ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
Tags :