ADVERTISEMENT
സനു സിറിയക്
ന്യൂഡൽഹി: കേരളത്തിലെ എൻജിനിയറിംഗ് പ്രവേശനം വൈകിക്കാൻ ആഗ്രഹമില്ലാത്തതിനാൽ കീം പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകുന്നില്ലെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ. ഇതോടെ നിലവിലെ പ്രവേശന നടപടിയിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ചും വ്യക്തമാക്കി.
പ്രവേശനനടപടികൾ തടയാൻ വിസമ്മതിച്ചെങ്കിലും റാങ്ക് പട്ടിക തയാറാക്കുന്നതിന് വ്യത്യസ്ത ബോർഡുകളുടെ മാർക്കുകൾ കണക്കാക്കുന്ന ഫോർമുല സംബന്ധിച്ച കാര്യത്തിൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. ഇതുസംബന്ധിച്ച വിഷയത്തിൽ സംസ്ഥാനസർക്കാരിനു നോട്ടീസ് അയച്ച കോടതി, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു. കേസിൽ അടുത്തയാഴ്ച അടിയന്തര വാദം കേൾക്കണമെന്നു ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ബെഞ്ച്, നാലാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കുമെന്ന് അറിയിച്ചു.
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പുതുക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നിലവിലെ പ്രവേശന നടപടി തടസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കേസ് ചൊവ്വാഴ്ച ആദ്യം പരിഗണിച്ചപ്പോൾ സുപ്രീകോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ സംസ്ഥാനസർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. എന്നാൽ കേരള സിലബസ് വിദ്യാർഥികൾ ഉയർത്തിയ ആവശ്യത്തോടു തങ്ങൾ യോജിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നും സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. പഴയ ഫോർമുലയനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതി ഇടപെടാത്ത സാഹചര്യത്തിൽ നിലവിലെ പ്രവേശന നടപടികളിൽ ഈ വർഷം തടസമുണ്ടാകില്ല.
Tags :