ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാലങ്ങൾ, തുരങ്കങ്ങൾ, ഫ്ലൈ ഓവറുകൾ, ഉയർന്ന ഇടനാഴികൾ എന്നിങ്ങനെയുള്ള നിർമിതികളടങ്ങുന്ന ദേശീയപാതാ ഭാഗങ്ങളുടെ ടോൾ നിരക്കിൽ 50 ശതമാനംവരെ ഇളവു വരുത്തി.
2008ലെ ദേശീയപാതാ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഇത്തരം നിർമിതികളടങ്ങുന്ന ദേശീയപാതകളിലെ ടോൾനിരക്ക് നിശ്ചയിക്കുന്നതിനുള്ള പുതിയ ഫോർമുലയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുണ്ട്.
പുതിയ നിയമമനുസരിച്ച് പാലങ്ങൾ, തുരങ്കങ്ങൾ, ഫ്ലൈ ഓവറുകൾ, ഉയർന്ന ഇടനാഴികൾ എന്നിവയടങ്ങുന്ന നിർമിതികളുടെ നീളത്തിന്റെ പത്തിരട്ടി ഹൈവേയുടെ ശേഷിക്കുന്ന ഭാഗത്തിന്റെ നീളവുമായി കൂട്ടിച്ചേർത്താണ് നിർമിതികളടങ്ങുന്ന ദേശീയപാതകളിലെ ടോൾ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ഒരു മാനദണ്ഡം. ഇതല്ലെങ്കിൽ നിർമിതികൾകൂടിയുൾപ്പെടുത്തിയുള്ള ദേശീയപാതാ ഭാഗത്തിന്റെ ആകെ നീളത്തിന്റെ അഞ്ചിരട്ടി കണക്കാക്കി തുക നിശ്ചയിക്കും. ഇവ രണ്ടും താരതമ്യം ചെയ്യുന്പോഴുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും നിർമിതികളടങ്ങുന്ന ദേശീയപാതാ ഭാഗത്തിന്റെ ടോൾ നിരക്കായി കണക്കാക്കുക.
നിലവിൽ പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയ നിർമിതികളടങ്ങുന്ന ദേശീയപാതാ ഭാഗങ്ങളിൽ നിർമാണച്ചെലവും പരിപാലനച്ചെലവും ചൂണ്ടിക്കാട്ടി പത്തിരട്ടി കൂടുതൽ ടോൾ ഈടാക്കിയിരുന്നു.
നിർമിതികൾ മാത്രം ഉൾപ്പെട്ടിട്ടുള്ള 40 കിലോമീറ്റർ നീളമുള്ള ഒരു ദേശീയപാതാ ഭാഗത്തിന്റെ നീളമാണ് ടോൾ നിരക്കിനായി കണക്കാക്കുന്നതെങ്കിൽ, ആദ്യ മാനദണ്ഡമനുസരിച്ചു 40 കിലോമീറ്ററിന്റെ പത്തിരട്ടി അഥവാ 400 കിലോമീറ്ററാണ് ടോൾ നിരക്കിനായി കണക്കാക്കുന്നത്.
എന്നാൽ, രണ്ടാമത്തെ മാനദണ്ഡമനുസരിച്ചു 40 കിലോമീറ്ററിന്റെ അഞ്ചിരട്ടിയായ 200 കിലോമീറ്ററാണ് ടോൾനിരക്കിനായി കണക്കാക്കുന്നത്. ഇവിടെ രണ്ട് കണക്കും താരതമ്യം ചെയ്യുന്പോൾ 200 കിലോമീറ്ററാണ് കുറവ് വരുന്നതെന്നതിനാൽ അതായിരിക്കും ടോൾ നിരക്ക് കണക്കാക്കാനായി തെരഞ്ഞെടുക്കുന്നത്.
Tags : TOLL NATIONAL HIGHWAY