ADVERTISEMENT
കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ സ്കൂൾ വാനിൽ പാസഞ്ചർ ട്രെയിനിടിച്ച് മൂന്നു വിദ്യാർഥികൾ മരിച്ചു. ഒരു വിദ്യാർഥിക്കും വാൻ ഡ്രൈവർക്കും പരിക്കേറ്റു. ലെവൽ ക്രോസിലുണ്ടായിരുന്ന ഗേറ്റ് കീപ്പറെ സതേൺ റെയിൽവേ സസ്പെൻഡ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു. അപകടസമയം നാലു വിദ്യാർഥികളും ഡ്രൈവറുമായിരുന്നു വാനിലുണ്ടായിരുന്നത്.
ഇന്നലെ രാവിലെ 7.45ന് കടലൂരിനും ആലപ്പാക്കത്തിനും മധ്യേയായിരുന്നു അപകടം. സ്കൂൾ വാൻ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് കടക്കവേ വില്ലുപുരം- മൈലാംതുറെ പാസഞ്ചർ ഇടിക്കുകയായിരുന്നു. സ്കൂൾ വാൻ ഡ്രൈവറുടെ ആവശ്യപ്രകാരമാണ്, അടച്ചിട്ടിരുന്ന ഗേറ്റ് ഗേറ്റ്മാൻ തുറന്നതെന്ന് സതേൺ റെയിൽവേ അറിയിച്ചു. അതേസമയം, ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്ന് പരിക്കേറ്റ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയും വാൻ ഡ്രൈവർ ശങ്കറും അവകാശപ്പെട്ടു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും ഗുരുതരമായ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും ചെറിയ പരിക്കുള്ളവർക്ക് 50,000 രൂപയും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Tags :