ADVERTISEMENT
ശശി തരൂര്‍ ഒറ്റയാനാണ്. മിടുമിടുക്കനും കരുത്തനും തന്ത്രശാലിയുമായ വിശ്വപൗരന് സാധാരണ രാഷ്ട്രീയക്കാരനല്ല. പതിവു രാഷ്ട്രീയത്തിന്റെ കള്ളക്കളികളും കുഴികളും ഇനിയും വേണ്ടത്ര പരിചയമില്ല. എങ്കിലും തന്ത്രങ്ങളില്‍ മോശക്കാരനല്ല. ഒരു മുഴം മുമ്പേ ചാടുന്നതാണ് ദീപികയില്‍ തരൂര്‍ എഴുതിയ ‘അടിയന്തരാവസ്ഥയുടെ പാഠമുള്‍ക്കൊണ്ട്’ എന്ന ലേഖനം. ദേശീയമാധ്യമങ്ങള്‍ ഇതു വലിയ ചര്‍ച്ചയാക്കി. ‘അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍, ഇന്ത്യക്കും ലോകത്തിനുമുള്ള പാഠങ്ങളെക്കുറിച്ച് ആഗോള പ്രേക്ഷകര്‍ക്കായുള്ള എന്റെ കോളം’ എന്ന ആമുഖത്തോടെ ഇംഗ്ലീഷിലുള്ള ലേഖനം സാമൂഹ്യമാധ്യമങ്ങളില്‍ തരൂര്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
വിവാദങ്ങള്‍ തരൂരിനു പുത്തരിയില്ല. വാര്‍ത്തകളില്‍ നിറയാന്‍ തരൂരിനു പ്രത്യേകമായൊരു വൈഭവമുണ്ട്. ജനാധിപത്യവാദിയായാണ് അറിയപ്പെടുന്നത്. ഗാന്ധികുടുംബ നേതൃത്വത്തെ ചോദ്യം ചെയ്ത 23 നേതാക്കളോടൊപ്പം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിനുള്ളിലെ തരൂരിന്റെ ആദ്യത്തെ പ്രധാന നീക്കം. 2020 ഓഗസ്റ്റില്‍ ജി-23 നേതാക്കള്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു കത്തയച്ചതു മുതല്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കി. കോണ്‍ഗ്രസില്‍ സമൂല മാറ്റം ആവശ്യപ്പെട്ടായിരുന്നു കത്ത്.
ജി-23 സംഘത്തെ വിമതശബ്ദമായാണു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കണക്കാക്കിയത്. ഗ്രൂപ്പ് നേതാവ് ഗുലാം നബി ആസാദിന് പാര്‍ട്ടി വിടേണ്ടിവന്നു. ഗുലാം നബിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അകമഴിഞ്ഞു പുകഴ്ത്തിയ തന്ത്രത്തിന്റെ ബാക്കിപത്രം. കപില്‍ സിബല്കൂടി കോണ്‍ഗ്രസ് വിട്ടതോടെ ഗ്രൂപ്പിന്റെ കഥ കഴിഞ്ഞു. വീരപ്പ മൊയ്ലി, ഭൂപീന്ദര്‍ സിംഗ് ഹൂഡ, മുകുള്‍ വാസ്നിക്, പൃഥ്വിരാജ് ചവാന്, രേണുക ചൗധരി എന്നിവര്‍ മുതല്‍ പ്രഫ. പി.ജെ. കുര്യന് വരെയുള്ളവര്‍ വിമത ലൈന്‍ ഉപേക്ഷിച്ച് നേതൃത്വവുമായി രമ്യതപ്പെട്ടു. തരൂരും മനീഷ് തിവാരിയും അസംതൃപ്തരായി തുടര്‍ന്നു.
ഗുലാം നബിക്കും കപില്‍ സിബലിനും പുറമെ മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്, അമരീന്ദര്‍ സിംഗ്, രാഹുല്‍ ഗാന്ധിയുടെ ഇഷ്ടക്കാരായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ, ജിതിന് പ്രസാദ എന്നിവരും അശ്വനി കുമാര്‍, ആര്.പി.എന്‍. സിംഗ്, ബാബാ സിദ്ദിഖി, സുനില്‍ ജാക്കര്‍, ഹാര്‍ദിക് പട്ടേല്‍ തുടങ്ങി അനില്‍ ആന്റണിയും പത്മജ വേണുഗോപാലും വരെയുള്ളവര്‍ ഇതിനിടെ കോണ്‍ഗ്രസ് വിട്ടു. 2014ല്‍ ലോക്സഭയിലെ നേതൃസ്ഥാനം നിഷേധിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയും തരൂരും അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ തന്നെ തുടര്‍ന്നെങ്കിലും ഹൈക്കമാന്‍ഡുമായുള്ള അകല്‍ച്ച പ്രകടമായി.
അതിനിടെയാണ് എഐസിസി അധ്യക്ഷപദവിയിലേക്ക് ഹൈക്കമാന്‍ഡിന്റെ നോമിനി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരേ തരൂര്‍ മത്സരിച്ചത്. 2022 ഒക്ടോബര്‍ 17നു നടന്ന വോട്ടെടുപ്പില്‍ പ്രതീക്ഷിച്ചതുപോലെ 7,897 വോട്ടുകളോടെ ഖാര്‍ഗെ വന്‍വിജയം നേടി. പക്ഷേ തരൂരിന് 1072 (11.4 ശതമാനം) എഐസിസി നേതാക്കളുടെ വോട്ടുകള്‍ കിട്ടി. ആയിരം വോട്ടില്‍ കൂടുതല്‍ നേടാന്‍ തരൂരിനായത് ഹൈക്കമാന്‍ഡിനെയും ഗാന്ധി കുടുംബത്തിന്റെ ആശ്രിതരെയും ഞെട്ടിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ തരൂരിനെ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായി.
തുടര്‍ച്ചയായ മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോറ്റതോടെ അസംതൃപ്തരുടെയും അവസരവാദികളുടെയും എണ്ണം കൂടി. കേരളത്തിലും ചരിത്രം തിരുത്തി പിണറായി വിജയനു തുടര്‍ഭരണം കിട്ടിയതിന്റെ ക്ഷീണത്തിലായി കോണ്‍ഗ്രസ്. ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫില്നിന്നൊഴിവാക്കിയതു കോണ്‍ഗ്രസിനു ഭരണം നഷ്ടമാക്കി. നേതാക്കള്‍ തമ്മിലുള്ള വടംവലി അത്ര രഹസ്യമല്ലാതായി. കോണ്‍ഗ്രസില്‍ സമ്പൂര്‍ണ ഐക്യം പുറമെ പ്രഖ്യാപിക്കുമ്പോഴും നേതൃത്വ വടംവലി പ്രകടമായി.
കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്, ശശി തരൂര്‍, കെ. മുരളീധരന് തുടങ്ങിയവര്‍ക്കെല്ലാം മുഖ്യമന്ത്രിക്കസേരയിലാണു മോഹം. എല്ലാവരും ഒരേ സമുദായക്കാര്‍ ആയതു പ്രശ്നം രൂക്ഷമാക്കുന്നു. തരൂരിന്റെ കേരള പര്യടനവും സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും മറക്കരുത്. മുരളീധരനു പുറമെ തരൂരിനെയും ഒതുക്കാന്‍ കരുനീക്കം ശക്തമായി. അതിനിടെയാണു മുഖ്യമന്ത്രിക്കായുള്ള അവകാശവാദം തരൂര്‍തന്നെ പരസ്യപ്പെടുത്തിയത്. മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ ഡോ. ശശി തരൂര്‍ ആണെന്ന സ്വകാര്യ സര്‍വേയിലെ കണ്ടെത്തല്‍ അദ്ദേഹം ട്വീറ്റ് ചെയ്തതോടെ ചിലര്‍ക്കു കലിപ്പു കൂടി.
പതിവായി അവഗണിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കമാകും തരൂരിന്റേത്. ദേശീയ തലത്തിലെയും കേരളത്തിലെയും പാര്‍ട്ടിക്കാര്യങ്ങള്‍ പ്രവര്‍ത്തകസമിതിയിലെ സ്ഥിരാംഗമായ തരൂരിനോടു കൂടിയാലോചിക്കാനോ അറിയിക്കാനോ നേതൃത്വം മെനക്കെടാറില്ല. അതിനാല്‍തന്നെ നേതൃത്വത്തെ പ്രകോപിപ്പിക്കാന്‍ തരൂര്‍ മടിക്കുന്നില്ല. ബിജെപിയെ തള്ളിപ്പറഞ്ഞിരുന്ന പഴയ നിലപാടിലും മയം വരുത്തി. ഇന്ദിരയെ വിമര്‍ശിച്ച തരൂര്‍ മോദിയെ പുകഴ്ത്താനും തയാറായി. എഴുത്തും വായനയും പ്രസംഗവും അടക്കം തനിക്കു മുന്നില്‍ സാധ്യതകള്‍ പലതും തുറന്നുകിടപ്പുണ്ടെന്ന് തരൂര്‍ പറഞ്ഞതു ചില സൂചനകള്‍ നല്‍കാനാണ്. ബിജെപിയിലേക്കു പോകില്ലെന്നു പറഞ്ഞെങ്കിലും ആ വിവാദവും അദ്ദേഹത്തിനെതിരേ ചിലര്‍ ആയുധമാക്കി.
പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറും പ്രധാനമന്ത്രി മോദിയും ബിജെപിയും അവസരമാക്കി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിക്കാന്‍ തരൂരിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയും യുഎന്നില്‍ അടക്കം സ്വീകാര്യതയുമുള്ള തരൂരിനെ എതിര്‍ക്കാന്‍ ജയ്റാം രമേശ് എടുത്തുചാടിയതു കോണ്‍ഗ്രസിനുതന്നെ ആപ്പായി മാറി. ജയ്റാമും തരൂരും ചേരില്ല. തരൂരിനെ ഒഴിവാക്കിയുള്ള കോണ്‍ഗ്രസ് പ്രതിനിധികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചെങ്കിലും മോദിയും വിദേശകാര്യമന്ത്രാലയവും തരൂരും അതിനു പുല്ലുവില കല്പിച്ചു.
പല മുനകളുള്ള ‘ആദ്യം രാജ്യം, പാര്‍ട്ടി പിന്നീട്’ എന്നാണു തരൂര്‍ പറഞ്ഞത്. കോണ്‍ഗ്രസ് നാണംകെട്ടു പിന്‍വാങ്ങേണ്ടി വന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിസംഘത്തെ നയിക്കുന്ന കാര്യം പറയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ചയ്ക്കു തരൂര്‍ അനുമതി തേടിയെങ്കിലും നല്‍കിയില്ല. “പറക്കാന്‍ അനുവാദം ചോദിക്കരുത്, ചിറകുകള് നിങ്ങളുടേതാണ്; ആകാശം ആരുടെയും സ്വന്തമല്ല” എന്നിങ്ങനെയുള്ള തരൂരിന്റെ ട്വീറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മറുപടിയായി. ഇരപിടിയന്‍ കഴുകന്മാരെ സൂക്ഷിക്കണമെന്ന ട്വീറ്റുമായാണ് രാഹുല്‍ ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും വിശ്വസ്തനായ മാണിക്കം ടാഗോര്‍ എംപി അന്നു തരൂരിനെതിരേ തിരിച്ചടിച്ചത്. ബിജെപിക്കാരുടെ വാക്കുകള്‍ അതേപടി ഏറ്റുചൊല്ലുന്ന തത്ത ആകരുതെന്ന ട്വീറ്റാണ് ടാഗോര്‍ പുതുതായി കുറിച്ചത്. പ്രവര്ത്തകസമിതിയംഗത്തിനെതിരേ കോണ്‍ഗ്രസ് എംപി രംഗത്തെത്തിയതു ഹൈക്കമാന്‍ഡിന്റെ ആശീര്വാദത്തോടെയെന്നു വ്യക്തം.
കോണ്‍ഗ്രസുകാരുടെ എല്ലാമെല്ലാമായ ഇന്ദിരാഗാന്ധിക്കും അവരുടെ കുടുംബത്തിനുമെതിരേ ശക്തമായ വിമര്‍ശനമാണ് അടിയന്തരാവസ്ഥയെക്കുറിച്ചു ദീപികയിലെ ലേഖനത്തില്‍ തരൂര്‍ നടത്തിയത്. അച്ചടക്കത്തിനും ക്രമത്തിനുംവേണ്ടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ക്രൂരതയായി മാറിയെന്ന പ്രസ്താവന കോണ്‍ഗ്രസുകാര്‍ക്കു താങ്ങാവുന്നതിലും കൂടുതലായി. ഇന്ദിരയുടെയും മകന് സഞ്ജയ് ഗാന്ധിയുടെ നടപടികളെ പേരെടുത്തു രൂക്ഷമായി വിമര്‍ശിച്ചു. അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേര്‍ഫലമായിരുന്നു അടിയന്തരാവസ്ഥയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയിലെ വ്യാപകമായ ഭരണഘടനാ ലംഘനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങളുടെ ഭയാനകമായ ഒരു പരമ്പരയ്ക്കു കാരണമായെന്നു തരൂര്‍ പറഞ്ഞു. “വിയോജിപ്പുകള്‍ നിശബ്ദമാക്കപ്പെട്ടു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഭരണഘടനാ മാനദണ്ഡങ്ങളോടുള്ള നഗ്നമായ അവഹേളനം ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഒരു മുറിവായി അവശേഷിച്ചു. അക്കാലത്തെ അതിക്രമങ്ങള്‍ എണ്ണമറ്റ മനുഷ്യര്‍ക്ക് ആഴത്തിലും ശാശ്വതവുമായ നാശമുണ്ടാക്കി” എന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു. സമീപകാല ചരിത്രത്തില്‍ മറ്റൊരാളും ഇത്ര കടുത്ത ആക്രമണം ഇന്ദിരയ്ക്കുനേരേ നടത്തിയിട്ടില്ല. മോദിയുടെ 11 വര്‍ഷത്തെ ഭരണം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന കോണ്‍ഗ്രസിന്റെ നിലപാട് പറയാന്‍ തരൂര്‍ തയാറയതുമില്ല.
എന്നാല്‍, നിയമനിര്‍മാണ സഭയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യുട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാന്‍ കഴിയുമെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചപര്യത്തില്‍ ഇത് ഏറ്റവും പ്രസക്തമാണെന്നും തരൂര്‍ പറഞ്ഞത് മോദി ഭരണത്തിനെതിരായ താക്കീതാണ്. അധികാരം കേന്ദീകരിക്കാനും വിമര്‍ശകരെ നിശബ്ദരാക്കാനും ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുമുള്ള പ്രലോഭനങ്ങള്‍ പലതരത്തില്‍ പ്രത്യക്ഷപ്പെടാം. ദേശീയ താത്പര്യത്തിന്റെയോ സ്ഥിരതയുടെയോ പേരില്‍ ഇതു മറച്ചുവയ്ക്കപ്പെടാം. ഈ അര്‍ഥത്തില്‍ അടിയന്തരാവസ്ഥ ശക്തമായ മുന്നറിയിപ്പാകണമെന്നും ജനാധിപത്യവാദികള്‍ ജാഗരൂകരായിരിക്കണം എന്നുമുള്ള തരൂരിന്റെ മുന്നറിയിപ്പും കാണാതെ പോകരുത്. വ്യക്തമായി മോദിക്കെതിരേയാണിത്. പക്ഷേ മോദിയുടെ പേരു പറഞ്ഞതുമില്ല.
ഭാവി രാഷ്ട്രീയത്തെക്കുറിച്ചു വ്യക്തമായൊരു തീരുമാനം തരൂര്‍ ഇനിയുമെടുത്തിട്ടില്ലെന്നു വേണം വിലയിരുത്താന്‍. നാലു തവണ കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയും വര്‍ക്കിംഗ് കമ്മിറ്റിയംഗവുമായ രാഷ്ട്രീയ സാഹചര്യം നോക്കി തന്ത്രപരമായി കളി തുടരും. വിവിധ സമുദായങ്ങള്‍ക്കും പൊതുസമൂഹത്തിനും യുവജനങ്ങള്‍ക്കുമിടയില്‍ തരൂരിനുള്ള പൊതുസ്വീകാര്യത നിഷേധിക്കാനാകില്ല. മോദിയെ അനുകൂലിച്ച ചില നിലപാടുകളില്‍ ന്യൂനപക്ഷ വോട്ടര്‍മാരെ തരൂരില്നിന്നകറ്റുന്നുവെന്ന കാര്യം അദ്ദേഹം വിസ്മരിക്കരുത്. വളയമില്ലാതെ ചാടാമെന്നതു വ്യാമോഹവുമാകും. പക്ഷേ, തരൂരിന്റെ പ്രകോപനങ്ങളില്‍ വീണ് അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ നേട്ടം തരൂരിനാകും. വൈകാരിക പ്രതികരണത്തിലൂടെ കോണ്‍ഗ്രസുകാര്‍ ഒരിക്കല്‍കൂടി ഭരണം നഷ്ടമാക്കില്ലെന്നു കരുതാം.
കോണ്‍ഗ്രസ് നേതൃത്വവും തരൂരും തമ്മിലുള്ള അകലം കൂടിവരുകയാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി കാര്യങ്ങള്‍ വഷളാകുമോയെന്നു സംശയിക്കുന്നവര്‍ വളരെയേറെയാണ്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും തത്കാലം തരൂരിനെതിരേ കടത്തിപ്പറയുന്നത് ഒഴിവാക്കുന്നത് ഇതേ കാരണത്താലാണ്. കെ. മുരളീധരനും മാണിക്കം ടാഗോറും പോലുള്ളവര്‍ അത്തരം വിട്ടുവീഴ്ച ചെയ്യില്ല.
മോദിയുടെയും ബിജെപിയുടെയും തന്ത്രങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് വീണ്ടും നിഷ്പ്രഭരാകുമോ എന്നതാണ് ഇനി അറിയേണ്ടത്. കഴുകനെപ്പോലെ കോണ്‍ഗ്രസില്‍നിന്നു ഭരണം മുതല്‍ നേതാക്കളെ വരെ ബിജെപി റാഞ്ചിയെടുത്ത എത്രയോ സംഭവങ്ങള്‍. കാര്യം നേടാന്‍ ഏതു തന്ത്രം പയറ്റാനും ഏതറ്റം വരെ പോകാനും ബിജെപിയും മോദിയും മടിക്കാറില്ല. ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കുന്ന നടപടി വിവാദമായതും ഇതിനാലാണ്.
ജനാധിപത്യത്തിനു വെല്ലുവിളിയും ഭീഷണിയും നേരിടുമ്പോള്‍ ശശി തരൂരിനെപ്പോലെയുള്ള നേതാക്കളെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തട്ടെ. വ്യത്യസ്തനായ തരൂരിനെ മനസിലാക്കാന്‍ ശ്രമിക്കുക. കേരളത്തിലും ലോകത്തുമുള്ള പൊതുസ്വീകാര്യത തരൂരിന്റെ ശക്തിയാണ്. സ്വന്തം നേതാക്കളെയും ചെറുപാര്‍ട്ടികളെയും പുറത്താക്കാനല്ല, വിയോജിപ്പുള്ളവരെ കൂടി വിശ്വാസത്തിലെടുത്തു കേന്ദ്രത്തിലും കേരളത്തിലും ഭരണം തിരിച്ചുപിടിക്കാനാകട്ടെ ശ്രദ്ധ.
Tags :