ADVERTISEMENT
ന്യൂഡൽഹി: ഗുരുഗ്രാമിൽ സംസ്ഥാനതല ടെന്നീസ് താരം രാധിക യാദവ് വെടിയേറ്റു മരിച്ച കേസിൽ അച്ഛൻ ദീപക് യാദവ് കുറ്റം ഏറ്റുപറഞ്ഞതായി പോലീസ്. രാധികയുടെ ടെന്നീസ് അക്കാദമിയിൽനിന്നുള്ള വരുമാനംകൊണ്ട് ജീവിക്കുന്നുവെന്ന നാട്ടുകാരുടെ പരിഹാസമാണ് കൊലപാതക കാരണമെന്ന് ഇയാൾ വിശദീകരിക്കുന്നു.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ അയച്ചു.
25 കാരിയായ ടെന്നീസ് താരത്തിനുനേരേ അച്ഛൻ നാലുതവണ നിറയൊഴിച്ചുവെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. ഒരു തവണ തോളിലേക്കും വെടിയുതിർത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇന്നലെ വൈകുന്നേരം വസീറാബാദിൽ സംസ്കാരവും നടത്തി.
കൊലപാതകത്തിനു പിന്നിലെ വ്യക്തമായ ചിത്രം ഇതുവരെ പുറത്തു വന്നിട്ടില്ല. മകളുടെ ടെന്നീസ് പഠനത്തിനുൾപ്പെടെ പൂർണപിന്തുണ നൽകിയ ദീപിക് കൊടുംക്രൂരത ചെയ്തത് എന്തിനെന്ന സംശയമാണ് എല്ലാവരിലും. മകളുടെ വരുമാനംകൊണ്ട് ജീവിക്കുന്നുവെന്നു പറഞ്ഞ് തനിക്കു പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നെന്നും അത് അഭിമാനക്ഷതമുണ്ടാക്കിയെന്നും ദീപക് പറഞ്ഞതായാണ് കുറ്റപത്രത്തിൽ ഉള്ളത്.
ഹരിയാന ഗുരുഗ്രാമിലെ സെക്ടര്‍ 57ല്‍ വ്യാഴാഴ്ച രാവിലെ 10.30നാണ് രാധികയെ പിതാവ് ദീപക് വെടിവെച്ച് കൊന്നത്. സ്വന്തം തോക്കുപയോഗിച്ചായിരുന്നു കുറ്റകൃത്യം. രാധിക നടത്തുന്ന ടെന്നീസ് അക്കാദമിയെച്ചൊല്ലി മാസങ്ങളായി കുടുംബത്തില്‍ തര്‍ക്കമുണ്ടായിരുന്നു. അക്കാദമിയുടെ പ്രമോഷനായി രാധിക തയാറാക്കിയ ഇന്‍സ്റ്റഗ്രാം റീലുകളും പിതാവിനെ അസ്വസ്ഥനാക്കിയിരുന്നു.
അതിസന്പന്നനായ ദീപക്കിന് കെട്ടിടങ്ങളിൽനിന്നുള്ള വാടക ഉൾപ്പെടെ പ്രതിമാസം 17 ലക്ഷത്തോളം രൂപ വരുമാനമുണ്ടായിരുന്നു. എന്നാൽ മകള്‍ സ്വതന്ത്രമായി പണം സമ്പാദിക്കുന്നതിലും മറ്റും ദീപക്കിന് അസംതൃപ്തി ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
രാധികയുടെ അമ്മ മഞ്ജു ഇതുവരെയും പോലീസിന് മൊഴിനൽകിയിട്ടില്ല. തനിക്ക് അസുഖമാണെന്നാണ് അവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. വെടിവയ്പ് നടന്ന സമയത്ത് മഞ്ജു സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന് അവരുടെ സഹോദരൻ കുൽദീപ് യാദവ് പറഞ്ഞു.
Tags : Tennis star's murder