ADVERTISEMENT
പാറ്റ്ന: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തിന് മുന്നോടിയായി അഞ്ച് പാർട്ടികളുടെ സഖ്യം രൂപീകരിക്കുമെന്ന് മുൻ ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ്.
അടുത്തിടെ ആർജെഡിയിൽ നിന്നും പുറത്താക്കപ്പെട്ട തേജ് പ്രതാപ് യാദവ്, അഞ്ച് പാർട്ടികളുടെയും ദേശീയ പ്രസിഡന്റുമാർ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വികാസ് വഞ്ചിത് ഇൻസാൻ പാർട്ടി (വിവിഐപി), ഭോജ്പുരിയ ജൻ മോർച്ച (ബിജെഎം), പ്രഗതിശീൽ ജനതാ പാർട്ടി (പിജെപി), വാജിബ് അധികാര് പാർട്ടി (ഡബ്ല്യുഎപി), സംയുക്ത് കിസാൻ വികാസ് പാർട്ടി (എസ്കെവിപി) എന്നിവയാണ് അഞ്ച് പാർട്ടികൾ.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, മഹുവയിൽ നിന്ന് മത്സരിക്കുമെന്ന് യാദവ് പറഞ്ഞു.
"ആളുകൾക്ക് എന്നെ കളിയാക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഞാൻ എന്റെ വഴിക്ക് പോകും. സാമൂഹിക നീതി, സാമൂഹിക അവകാശങ്ങൾ, ബിഹാറിന്റെ സമ്പൂർണ പരിവർത്തനം എന്നിവ ഉറപ്പാക്കാൻ ഞങ്ങളുടെ സഖ്യം ഒരുമിച്ച് മുന്നോട്ട് പോകും'
"ജനങ്ങൾ ഞങ്ങൾക്ക് ജനവിധി നൽകിയാൽ, സംസ്ഥാനത്തിന്റെ വികസനത്തിനായി ഞങ്ങൾ പ്രവർത്തിക്കും. റാം മനോഹർ ലോഹ്യ, കർപൂരി താക്കൂർ, ജയപ്രകാശ് നാരായണൻ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രവർത്തിക്കും'- തേജ് പ്രതാപ് യാദവ് പറഞ്ഞു. മഹുവയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തേജ് പ്രതാപ് യാദവിനെ ആറ് വർഷത്തേക്ക് പിതാവ് ലാലു പ്രസാദ് യാദവാണ് ആർജെഡിയിൽ നിന്നും പുറത്താക്കിയത്.
Tags :