ADVERTISEMENT
ന്യൂഡൽഹി: സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) മുൻ മേധാവി ലളിത് മോദി സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. വിഷയത്തിൽ കീഴ്കോടതിയെ സമീപിക്കാൻ ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ലളിത് മോദിയോട് നിർദേശിച്ചു. 2009ലെ ഐപിഎൽ സീസണുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചുമത്തിയ പിഴ അടയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിനോട് (ബിസിസിഐ) നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി.
ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെ തുടർന്നാണ് ലളിത് മോദി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി നേരത്തെ ചുമത്തിയിരുന്നു.
2009ലെ ഐപിഎൽ സീസണുമായി ബന്ധപ്പെട്ട് വിദേശനാണ്യ മാനേജ്മെന്റ് നിയമപ്രകാരമാണ് ലളിത് മോദിക്കെതിരേ 10.65 കോടി രൂപയുടെ പിഴ ഇഡി ചുമത്തിയത്.
ഈ സീസണിൽ ചട്ടങ്ങൾ ലംഘിച്ച് 243 കോടി രൂപ ഇന്ത്യയിൽനിന്ന് വിദേശത്തേക്കു കടത്തി എന്നതാണ് കേസ്.
ദക്ഷിണാഫ്രിക്കയിൽ വച്ചാണ് 2009ൽ ബിസിസിഐ ഐപിഎൽ നടത്തിയത്. ഈ സീസണിലെ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ ബിസിസിഐ ചെയർമാൻ എൻ. ശ്രീനിവാസൻ ഉൾപ്പെടെ യുള്ളവർക്ക് 121 .56 കോടി രൂപ ഇഡി പിഴ ചുമത്തി. അതിൽ ലളിത് മോദിയുടെ പങ്കാണ് 10.65 കോടി രൂപ.
Tags :