ADVERTISEMENT
കൊല്ലം: സ്റ്റേഷൻ മാസ്റ്റർമാരെ അധിക ജോലികളിൽ നിന്ന് ഒഴിവാക്കാൻ റെയിൽവേ ബോർഡ് തത്വത്തിൽ തീരുമാനിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇനി മുതൽ സ്റ്റേഷൻ മാസ്റ്റർമാരുടെ ചുമതല ട്രെയിനുകളുടെ പ്രവർത്തന നിയന്ത്രണവും സുരക്ഷയും മാത്രമായിരിക്കും.
സ്റ്റേഷൻ വഴി കടന്നുപോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ച് അടുത്ത സ്റ്റേഷനിലേക്ക് കൈമാറുക, സിഗ്നലിംഗ് സംവിധാനത്തിൽ കൃത്യത ഉറപ്പ് വരുത്തുക തുടങ്ങിയവ ആയിരിക്കും സ്റ്റേഷൻ മാസ്റ്റർമാരിൽ നിക്ഷിപ്തമാകുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ.
ഇതു സംബന്ധിച്ച് റെയിൽവേയുടെ ഓപ്പറേഷൻസ് വിഭാഗവും കൊമേഴ്സ്യൽ വിഭാഗവും തമ്മിൽ ചർച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. നിലവിൽ കൊമേഴ്സ്യൽ സെക്ഷനുമായി ബന്ധപ്പെട്ട ജോലികളും നിരവധി സ്റ്റേഷനുകളിൽ സ്റ്റേഷൻ മാസ്റ്റർമാർ തന്നെ ചെയ്യേണ്ടി വരുന്നുണ്ട്.
ടിക്കറ്റ് വിൽപ്പന, ട്രെയിനുകളുടെ യാത്രാ വിവരങ്ങൾ അനൗൺസ് ചെയ്യൽ, കോച്ച് പൊസിഷൻഅടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്ക് കൈമാറൽ തുടങ്ങിയവ പലയിടത്തും സ്റ്റേഷൻ മാസ്റ്റർമാർ തന്നെയാണ് നിർവഹിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷത്തെ ട്രെയിൻ അപകടങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ അവയിൽ ചിലതിന്റെ കാരണം സ്റ്റേഷൻ മാസ്റ്റർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നായിരുന്നു വിലയിരുത്തൽ. ഇത്തരം വീഴ്ചകൾക്ക് പിന്നിൽ അവരുടെ അധിക ജോലികളാണെന്നും അന്വേഷണ റിപ്പോർട്ടുകളിലടക്കം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ മാസ്റ്റർമാരുടെ ജോലിഭാരം ലഘൂകരിക്കാൻ തറയിൽവേ തീരുമാനം എടുത്തിട്ടുള്ളത്.
Tags : indian railways