ADVERTISEMENT
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി വിവാദം കൊഴുക്കുന്നു. താൻ അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരുമെന്ന് സിദ്ധരാമയ്യയും പിന്തുണയ്ക്കുകയല്ലാതെ തനിക്ക് വേറെ വഴിയില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹം ശക്തമായതിനു പിന്നാലെയാണ് ഇരുനേതാക്കളും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അഞ്ച് വർഷം താൻ അധികാരത്തിൽ തുടരുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഞാൻ അഞ്ച് വർഷം തികയ്ക്കും. നിങ്ങൾക്ക് സംശയമുണ്ടോ? അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടാണ്. തന്റെ സർക്കാർ അഞ്ച് വർഷം പാറപോലെ ഉറച്ചുനിൽക്കും. മുഖ്യമന്ത്രിയെ മാറ്റുമെന്ന ബിജെപി, ജെഡി (എസ്) നേതാക്കളുടെ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു. അവരാണോ ഹൈക്കമാൻഡെന്ന് സിദ്ധരാമയ്യ ചോദിച്ചു. ജനാധിപത്യത്തിൽ എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ അവകാശമുണ്ട്. എന്നാൽ ഹൈക്കമാൻഡിന്റേതാണ് അന്തിമ തീരുമാനം. പാർട്ടിയിൽ ഏകദേശം 140 നിയമസഭാംഗങ്ങളുണ്ട്. 34 പേരെ മാത്രമേ മന്ത്രിമാരാക്കാൻ കഴിയൂ. എല്ലാവരെയും മന്ത്രിയാക്കാൻ കഴിയുമോ? അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയായി അഞ്ചു വർഷം തികയ്ക്കുമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയോടുള്ള ശിവകുമാറിന്റെ പ്രതികരണം പിന്തുണയ്ക്കുകയല്ലാതെ തനിക്ക് വേറെ വഴിയില്ല എന്നായിരുന്നു. എനിക്ക് വേറെ എന്തു വഴിയാണുള്ളത്? സിദ്ധരാമയ്യയ്ക്കൊപ്പം നിൽക്കും. എനിക്ക് അതിൽ എതിർപ്പില്ല. പാർട്ടി ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അവർ എന്തു തീരുമാനിച്ചാലും അത് നിറവേറ്റപ്പെടും- ശിവകുമാർ പറഞ്ഞു. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ശിവകുമാർ, തന്നെ മുഖ്യമന്ത്രിയാക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പരസ്യ പ്രസ്താവനകൾ നടത്തുന്ന നേതാക്കൾക്ക് നോട്ടീസ് നൽകുമെന്നും മുന്നറിയിപ്പ് നൽകി. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട രാമനഗര എംഎൽഎ എച്ച്.എ. ഇക്ബാൽ ഹുസൈനു കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Tags :