ADVERTISEMENT
മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ തഹാവൂർ റാണ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണം നടന്ന സമയത്ത് താൻ നഗരത്തിൽ ഉണ്ടായിരുന്നുവെന്നും പാക്കിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായി പ്രവർത്തിച്ചുവെന്നുമാണ് റാണ ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചത്.
ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലുള്ള റാണയെ ഡൽഹിയിലെ തിഹാർ ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. താനും ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി യും പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്കർ-ഇ- തൊയ്ബയുടെ പരിശീലനം നേടിയിട്ടുണ്ടെന്നും റാണ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. മുംബൈയിൽ ഒരു ഇമിഗ്രേഷൻ സെന്റർ തുറക്കാനുള്ള ആശയം തന്റേതാണ്.
ഇതിലൂടെ സാന്പത്തിക ഇടപാടുകളെല്ലാം ബിസിനസ് ചെലവുകളായാണു നടത്തിയിരുന്നത്. ഖലീജ് യുദ്ധവേളയിൽ പാക്കിസ്ഥാൻ തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നു. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ഭീകരാക്രമണം പാക് ചാരസംഘടനയായ ഐഎസ്ഐയുമായി സഹകരിച്ചു നടത്തിയതാണെന്നും റാണ സമ്മതിച്ചു.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ മുംബൈ പോലീസ് തീരുമാനിച്ചിട്ടുണ്ട്.പാക്കിസ്ഥാൻ പൗരനും കനേഡിയൻ പൗരനുമായ റാണയെ ഇക്കൊല്ലമാണ് യുഎസ് ഇന്ത്യക്കു കൈമാറിയത്.
തീവ്രവാദവും ഗൂഢാലോചനയുമടക്കം നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള ഇയാളെ നിലവിൽ എൻഐഎ ചോദ്യംചെയ്തുവരികയാണ്.
Tags : Tahawwur Rana's