ADVERTISEMENT
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ. വിഷയം വളരെ സെൻസിറ്റീവാണെന്നും പ്രശ്നപരിഹാരത്തിനായി യെമനിലെ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇതൊരു സെൻസിറ്റീവ് വിഷയമാണ്. കേസിൽ ഇന്ത്യൻ സർക്കാർ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബത്തെ സഹായിക്കാൻ ഞങ്ങൾ നിയമസഹായം നൽകുകയും ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പതിവായി കോണ്‍സുലാർ സന്ദർശനങ്ങൾ ക്രമീകരിക്കുകയും, പ്രശ്നം പരിഹരിക്കുന്നതിനായി പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും വിദേശകാര്യ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ചില സൗഹൃദ സർക്കാരുകളുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്’’- വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര പത്രസമ്മേളനത്തിൽ വക്താവ് പറഞ്ഞു.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് യെമനിലെ പ്രാദേശിക അധികാരികൾ മാറ്റിവച്ചുവെന്ന് ആദ്യമായി കേന്ദ്രസർക്കാർ ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിമിഷപ്രിയയുടെ കുടുംബം എതിർകക്ഷിയുമായി പരസ്പരസമ്മതത്തോടെയുള്ള പരിഹാരത്തിലെത്താൻ കൂടുതൽ സമയം തേടുന്നതിനാണിത്. സമീപദിവസങ്ങളിൽ നടത്തിയ യോജിച്ച ശ്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നുണ്ടെന്നും ജയ്സ്വാൾ വിശദീകരിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ ഷെയ്ഖ് അബൂബക്കർ അഹമ്മദ് എന്ന ഇസ്ലാമിക പുരോഹിതന്റെ പങ്കിനെക്കുറിച്ച് എന്തെങ്കിലും സ്ഥിരീകരണത്തിന് വിദേശകാര്യ മന്ത്രാലയം വിസമ്മതിച്ചു. “നിങ്ങൾ പരാമർശിച്ച സ്ഥാപനത്തിന്റെ പങ്കിനെ സംബന്ധിച്ചിടത്തോളം എനിക്കൊരുവിവരവുമില്ല’’- എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് വിദേശകാര്യ വക്താവിന്റെ മറുപടി. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിലുള്ള തന്റെ പങ്കിനെക്കുറിച്ച് അവകാശപ്പെട്ട് അബൂബക്കർ മുസ്ല്യാർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചതായി മലയാളി സാമൂഹ്യപ്രവർത്തകനായ സാമുവൽ ജെറോം പങ്കുവച്ച അറിയിപ്പോടുകൂടിയായിരുന്നു മുസ്ല്യാരുടെ കുറിപ്പ്.
ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കം തിരിച്ചടിയായി
കോടികളുടെ ദിയാധനത്തിന് ഇന്ത്യൻ മാധ്യമങ്ങൾ അമിതപ്രാധ്യാന്യം നൽകിയതും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതിന്റെ ക്രെഡിറ്റിനെ ചൊല്ലിയുണ്ടായ തർക്കങ്ങളും നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ഒത്തുതീർപ്പുശ്രമങ്ങൾക്ക് തിരിച്ചടിയായെന്നു കേന്ദ്രസർക്കാരിലെ ഉന്നതൻ ചൂണ്ടിക്കാട്ടി.
വിവിധ രാഷ്ട്രീയ, മത നേതാക്കളും വ്യക്തികളും ചില ഗ്രൂപ്പുകളും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്‍സിലും നടത്തിയ അവകാശവാദങ്ങളും പരസ്യമായ വിഴുപ്പലക്കലുകളും നാണക്കേടായിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിൽനിന്നു മാപ്പ് ലഭിക്കുകയാണു പ്രധാനമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം ചൂണ്ടിക്കാട്ടി.
ഇക്കാര്യം അറിയാമായിരുന്നിട്ടും ദിയാധനത്തിന്റെ പേരിലും ക്രെഡിറ്റിന്റെ പേരിലും അവകാശവാദങ്ങളും വിവാദങ്ങളുമുണ്ടായി.
തലാലിന്റെ കുടുംബം ആദരിക്കുന്ന സൂഫിവര്യൻ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീളിനെ അവഹേളിച്ചുള്ള ചില വാർത്തകൾ യെമനിൽ പ്രചരിച്ചതു തിരിച്ചടിയായെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിലും പറഞ്ഞു.
Tags : Nimisha Priya