ADVERTISEMENT
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തെ 100 ജില്ലകളിൽ ആറു വർഷത്തേക്ക് പ്രതിവർഷം 24,000 കോടി രൂപയുടെ "പ്രധാനമന്ത്രി ധൻ-ധന്യ കൃഷി യോജന’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 11 വകുപ്പുകളിലെ നിലവിലുള്ള 36 പദ്ധതികളെയും സംസ്ഥാന പദ്ധതികളെയും സംയോജിപ്പിക്കുന്നതിനും പ്രാദേശികമായി സ്വകാര്യ പങ്കാളിത്തത്തിലൂടെയും വിള വൈവിധ്യവത്കരണവും സുസ്ഥിര കാർഷികരീതികളും ഊർജിതപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരുന്ന ഈ പദ്ധതി 1.7 കോടി കർഷകർക്ക് സഹായകമാകുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചു കേന്ദ്ര വാർത്താവിതരണ, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായിരുന്നു. കാർഷിക ഉത്പാദനക്ഷമതയും വിള വൈവിധ്യവത്കരണവും സുസ്ഥിര കാർഷികരീതികളും വർധിപ്പിക്കുകയാണ് പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയുടെ ലക്ഷ്യം. ഇതോടൊപ്പം വിളവെടുപ്പിനുശേഷമുള്ള സംഭരണം വർധിപ്പിക്കുക, ജലസേചനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വായ്പാലഭ്യത സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്. പദ്ധതിക്കായി 2025-26 മുതൽ കുറഞ്ഞത് ആറു വർഷത്തേക്ക് പ്രതിവർഷം 24,000 കോടി രൂപ നീക്കിവയ്ക്കും.
നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാമിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ഫെബ്രുവരി ഒന്നിലെ കേന്ദ്രബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളുമായി സഹകരിച്ച് "പ്രധാൻമന്ത്രി ധൻ-ധാന്യ കൃഷി യോജന’ സർക്കാർ ഏറ്റെടുക്കുമെന്നായിരുന്നു ബജറ്റിൽ നിർദേശിച്ചിരുന്നത്.
കുറഞ്ഞ ഉത്പാദനക്ഷമത, കുറഞ്ഞ വിള തീവ്രത, കുറഞ്ഞ വായ്പാവിതരണം എന്നീ മൂന്നു പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കിയാകും 100 ജില്ലകളെ കണ്ടെത്തുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഓരോ സംസ്ഥാനത്തെയും മൊത്തം വിളവും കൃഷിഭൂമിയുടെ വിഹിതവും അടിസ്ഥാനമാക്കിയാകും ജില്ലകളുടെ എണ്ണം തീരുമാനിക്കുക. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞത് ഒരു ജില്ലയെ പദ്ധതിക്കായി തെരഞ്ഞെടുക്കുമെന്ന് മന്ത്രി അശ്വനി പറഞ്ഞു.
Tags : AGRICULUTRE