ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ദുരിതം ബാധിച്ച കേരളമുൾപ്പെടെയുള്ള ആറു സംസ്ഥാനങ്ങൾക്ക് 1066.80 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽനിന്നുള്ള (എസ്ഡിആർഎഫ്) കേന്ദ്രസർക്കാരിന്റെ പങ്കായാണ് പണം അനുവദിച്ചിരിക്കുന്നത്. കേരളത്തിനു പുറമെ ആസാം, മേഘാലയ, മണിപ്പുർ, മിസോറം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് ഫണ്ട് ലഭിച്ചിട്ടുള്ളത്.
ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതം ബാധിച്ച സംസ്ഥാനങ്ങൾക്കാണ് എസ്ഡിആർഎഫിൽനിന്ന് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ദുരിതം ബാധിച്ച ആറു സംസ്ഥാനങ്ങളിൽ കേരളത്തിന് 153.20 കോടി രൂപ ലഭിച്ചപ്പോൾ ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും ആസാമിന് 375.60 കോടി രൂപയും ലഭിച്ചു. മേഘാലയയ്ക്ക് 30.40 കോടി രൂപ ലഭിച്ചപ്പോൾ മണിപ്പുരിന് 29.20 കോടി രൂപയും മിസോറാമിന് 22.80 കോടി രൂപയും ലഭിച്ചു.
ഈ വർഷം എസ്ഡിആർഎഫിൽനിന്നും ദേശീയ ദുരന്തപ്രതികരണ ഫണ്ടിൽനിന്നും (എൻഡിആർഎഫ്) 8000 കോടിയിലധികം രൂപ 19 സംസ്ഥാനങ്ങൾക്കായി അനുവദിച്ചിട്ടുണ്ടെന്നും മോദിസർക്കാർ എല്ലാ സാഹചര്യങ്ങളിലും സംസ്ഥാനങ്ങളോടൊപ്പം നിലകൊള്ളുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു.
Tags : disaster-hit states