ADVERTISEMENT
ന്യൂഡൽഹി: രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സിലെ അക്കൗണ്ട് ഇന്ത്യയിൽ താത്കാലികമായി മരവിപ്പിച്ചു. നിയമപരമായ ആവശ്യത്തിന്റെ ഭാഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് റോയിട്ടേഴ്സിന്റെ പേജ് തുറക്കുന്പോൾ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽനിന്ന് ലഭിക്കുന്ന സന്ദേശം. അതേസമയം അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
എന്നാൽ, ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതി ഇട്ടിരുന്നു. തുടർന്ന് ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെങ്കിലും റോയിട്ടേഴ്സിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നില്ല. ഈ നടപടി എക്സ് ഇപ്പോൾ നടപ്പാക്കിയതാകാനാണ് സാധ്യത എന്നാണ് വിദഗ്ധർ അറിയിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാനിച്ച സാഹചര്യത്തിൽ ഈ നടപടി ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ എക്സുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദേശീയ വാർത്ത ഏജൻസികളെ ഉദ്ദരിച്ച് റിപ്പോർട്ടുകളുണ്ട്. എന്നാൽ റോയിട്ടേഴ്സിന്റെ ഭാഗത്തുനിന്ന് ഇതുവരെയും പ്രതികരണമുണ്ടായിട്ടില്ല. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് അക്കൗണ്ട് ഉടൻ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Tags :