ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ രണ്ടു മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത വിഷയം ലോക്സഭയിലുയർത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് കന്യാസ്ത്രീമാരുടെ മോചനം സാധ്യമാക്കണമെന്ന് ലോക്സഭയിലെ ശൂന്യവേളയിൽ അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റിലായ കന്യാസ്ത്രീമാർ കാൻസർ രോഗികളെ ശുശ്രൂഷിക്കുന്നവരും പാലിയേറ്റീവ് സേവനങ്ങൾ നൽകിവരുന്നവരുമാണ്. ഒരു കാരണവുമില്ലാതെയാണ് അവരെ ജയിലിലടച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ പരിഹാരത്തിനായി യുഡിഎഫ് എംപിമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും പക്ഷേ അദ്ദേഹവും ബജ്രംഗ്ദളിന്റെ അതേ വാദങ്ങളാണ് ഉയർത്തിയതെന്നും വേണുഗോപാൽ വിമർശിച്ചു. കഴിഞ്ഞ ക്രിസ്മസിന് പ്രധാനമന്ത്രി സിബിസിഐ ആസ്ഥാനം സന്ദർശിക്കുകയും ക്രൈസ്തവരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ പൂർണമായി സംരക്ഷിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തുവെന്ന് വേണുഗോപാൽ ഓർമിപ്പിച്ചു. വിഷയത്തിൽ സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Tags : Release of nuns