ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഈ സാന്പത്തികവർഷം അവസാനിക്കുന്പോൾ 50000 ത്തിലധികം ഉദ്യോഗാർഥികൾക്കു നിയമനം നൽകാൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിനെ (ആർആർബി) പ്രാപ്തമാക്കുമെന്ന് റെയിൽവേ.
സാന്പത്തിക വർഷത്തിന്റെ ആദ്യപാദം പിന്നിട്ടപ്പോൾ 9000 ലധികം നിയമനങ്ങൾ ആർആർബി നൽകിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ റെയിൽവേ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബർ മുതൽ റെയിൽവേയുടെ ഏഴു വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 55197 ഒഴിവുകളിലേക്ക് 1.86 കോടിയിലധികം ഉദ്യോഗാർഥികൾ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) എഴുതി. റിക്രൂട്ട്മെന്റ് പരീക്ഷയുടെ സമഗ്രത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചശേഷമാണു പരീക്ഷാനടപടികളിലേക്കു റെയിൽവേ കടന്നത്. ആൾമാറാട്ടം ഒഴിവാക്കുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കോപ്പിയടി ഒഴിവാക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും റെയിൽവേ അറിയിച്ചു. കൂടാതെ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക മുൻഗണനകളോടെ താമസസ്ഥലത്തോടു ചേർന്ന് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. ഒഴിവുകൾ നികത്തുന്നതിന് കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ക്രമീകരണങ്ങൾ ആർആർബി സ്വീകരിച്ചു. 2026- 2027 സാന്പത്തിക വർഷത്തേക്ക് 50000 അധിക നിയമനങ്ങൾ നടത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും റെയിൽവേ അറിയിച്ചു. എന്നാൽ ഇക്കാര്യങ്ങൾ എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ച് റെയിൽവേ വ്യക്തമാക്കിയിട്ടില്ല.
Tags : INDIAN RAILWAY RAILWAY JOBS