ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്നു കേന്ദ്രസർക്കാരിനോട് മണ്ഡലം എംപി പ്രിയങ്ക ഗാന്ധി. ലോക്സഭയിൽ ശൂന്യവേളയിലാണ് പ്രിയങ്ക ഈ ആവശ്യമു ന്നയിച്ചത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രത്തിൽനിന്നു മതിയായ ഫണ്ട് ലഭിച്ചിട്ടില്ല. ഉരുൾപൊട്ടലുണ്ടായി ഒരു വർഷം പൂർത്തിയായിട്ടും ദുരന്തബാധിതരുടെ പ്രതിസന്ധികൾ തുടരുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ദുരന്തബാധിത കുടുംബങ്ങളുടെ വായ്പകൾ എഴുതിത്തള്ളാനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം പ്രിയങ്ക സഭയിൽ ചൂണ്ടിക്കാട്ടി. ദുരന്തബാധിത കർഷകരുടെ വ്യക്തിഗത വായ്പകൾ 90 കോടി രൂപയ്ക്കടുത്തും കാർഷിക സഹകരണ ബാങ്കുകളിൽനിന്നുള്ള വായ്പകൾ 36 കോടി രൂപയ്ക്കടുത്തും വരുമെന്നും കേന്ദ്രത്തിനു ഇത് ചെറിയൊരു തുകയാണെന്നും പ്രിയങ്ക പറഞ്ഞു.
കേന്ദ്രഫണ്ടുകളുടെ അപര്യാപ്തത മൂലം ദുരന്തബാധിതരുടെ പുനരധിവാസം പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വർഷമായി തുടർച്ചയായി ആവശ്യപ്പെട്ടിട്ടും സഭയിൽ പലതവണ വിഷയങ്ങൾ ഉയർത്തിക്കാട്ടിയിട്ടും ആഭ്യന്തരമന്ത്രിയെ സന്ദർശിച്ചിട്ടും ആവശ്യമായ ഫണ്ടുകൾ ലഭിച്ചിട്ടില്ല. അനുവദിച്ച തുകകൾ ലോണ്‍ രൂപത്തിലാണു ലഭിച്ചതെന്നും ഇത് അഭൂതപൂർവമായ നടപടിയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Tags :