ADVERTISEMENT
ഗാന്ധിനഗർ: ഗുജറാത്തിൽ മത്സരയോട്ടത്തിനിടെ പോലീസുകാരന്റെ മകൻ ഓടിച്ച കാർ ഇടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കലിയാബീഡ് പ്രദേശത്താണ് സംഭവം.
കാൽനടയാത്രക്കാരായ ഭാർഗവ് ഭട്ട്(30), ചമ്പാബെൻ വചാനി(65) എന്നിവരാണ് മരിച്ചത്. ഹർഷ്രാജ് സിംഗ് ഗോഹിൽ (20) എന്നയാളാണ് കാർ ഓടിച്ചത്.
അമിതവേഗതയിൽ എത്തിയ വെളുത്ത ക്രെറ്റ കാർ രണ്ട് കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം ഒരു സ്കൂട്ടറിൽ ഇടിച്ചു കയറുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) അനിരുദ്ധ സിംഗ് വജുഭ ഗോഹിലിന്റെ മകനാണ് ഹർഷ്രാജ്. 150 കിലോമീറ്റർ വേഗതയിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടമുണ്ടാകുകയുമായിരുന്നു.
അപകടത്തിൽ മറ്റ് നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ സർ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാളായ ഭാർഗവ് ഭട്ട് കഴിഞ്ഞ വർഷമാണ് വിവാഹിതനായത്. ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയം ഹർഷ്രാജിന്റെ പിതാവ് സ്ഥലത്തെത്തി മകനെ മർദിക്കുകയും നിലാംബാഗ് പോലീസ് സ്റ്റേഷനിൽ മകനെ എത്തിക്കുകയും ചെയ്തു.
Tags :