ADVERTISEMENT
ന്യൂഡൽഹി: രണ്ടു ദിവസമായി ഛത്തീസ്ഗഡിലുള്ള എൽഡിഎഫ് നേതാക്കളായ വൃന്ദ കാരാട്ട്, ജോസ് കെ. മാണി, കെ. രാധാകൃഷ്ണൻ, എ.എ. റഹീം, പി.പി. സുനീർ, ആനി രാജ എന്നിവർ ഇന്നലെ ദുർഗിലെ ജയിലിലെത്തി രണ്ടു കന്യാസ്ത്രീമാരെയും സന്ദർശിച്ച് പിന്തുണ അറിയിച്ചു. മദർ തെരേസ ജീവിച്ചിരുന്നെങ്കിൽ അവരെയും കൈവിലങ്ങു വയ്ക്കുമായിരുന്നുവെന്ന് ജോസ് കെ. മാണി പറഞ്ഞു. ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന കന്യാസ്ത്രീമാർക്കെതിരേ മനുഷ്യക്കടത്തും മതപരിവർത്തനവും ഉൾപ്പെടെ തീവ്രവകുപ്പുകൾ ചുമത്തി കേസെടുത്തത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരപരാധികളായ കന്യാസ്ത്രീമാർ ജയിലിൽ കഴിയുന്ന ഓരോ നിമിഷവും നമ്മുടെ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് കെ.സി. വേണുഗോപാലും കൊടിക്കുന്നിലും പറഞ്ഞു. വിദ്വേഷത്തിന്റെ ശക്തികൾക്ക് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കാൻ കഴിയില്ലെന്ന് വേണുഗോപാൽ പറഞ്ഞു. ജോലിക്കുപോയതു കുറ്റകൃത്യമാക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. കന്യാസ്ത്രീമാരുടെ മോചനം കേന്ദ്രം ഉറപ്പാക്കണമെന്ന് എംപിമാരെല്ലാം ഒന്നടങ്കം ആവശ്യപ്പെട്ടു.
നിരപരാധികളായ രണ്ടു കന്യാസ്ത്രീമാർ യാതൊരു കാരണവുമില്ലാതെ ജയിലിലാണ്. എന്തൊരു ക്രൂരതയാണിതെന്ന് ലോക്സഭയിലെ ശൂന്യവേളയിൽ വേണുഗോപാൽ ചോദിച്ചു. രാജ്യം ബനാന റിപ്പബ്ലിക്കാണോ? ബജ്രംഗ്ദളിന്റെ അതേ രീതിയിലാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു സായ് പ്രവർത്തിക്കുന്നത്. എന്തൊരു നാണക്കേടാണിത്- വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ഷെയിം, ഷെയിം വിളിച്ച് വേണുഗോപാലിനു പിന്തുണ നൽകി.
തന്റെ മണ്ഡലത്തിൽപ്പെട്ട ചേർത്തലയിലെ മഠത്തിൽനിന്നുള്ളവരാണ് അറസ്റ്റിലായ കന്യാസ്ത്രീമാരെന്നു വേണുഗോപാൽ പറഞ്ഞു. മരണാസന്നരായ കാൻസർ രോഗികളെ പരിചരിക്കുന്നവരാണ് ഈ സിസ്റ്റർമാർ. ഇവരെയാണു ബജ്രംഗ്ദൾ ആക്രമിക്കുകയും മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തത്. ഞെട്ടിക്കുന്നതും അസ്വസ്ഥമാക്കുന്നതുമാണീ നടപടി. കേന്ദ്രം ഇടപെട്ട് കന്യാസ്ത്രീമാരുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നും വേണുഗോപാൽ ലോക്സഭയിൽ ആവശ്യപ്പെട്ടു.
ന്യായീകരിച്ച് ബിജെപി എംപി
സാമുദായിക ഐക്യം തകർക്കാൻ കോണ്‍ഗ്രസ് എംപിമാർ ഗൂഢാലോചന നടത്തുകയാണെന്ന് ഛത്തീസ്ഗഡിലെ ദുർഗിൽനിന്നുള്ള ബിജെപി എംപി വിജയ് ബാഗേൽ ആരോപിച്ചു. "മതപരിവർത്തനവും മനുഷ്യക്കടത്തും' നടത്താൻ ശ്രമിച്ച കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡ് സർക്കാരിനെ പിന്തുണയ്ക്കാനും ബിജെപി എംപി മറന്നില്ല.
ഛത്തീസ്ഗഡിൽ നല്ല ഭരണം നടത്തുന്ന സർക്കാരിന്റെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താനും രണ്ടു മതങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനയാണിത്. ഛത്തീസ്ഗഡിലെ നമ്മുടെ പെണ്മക്കളെ സംരക്ഷിക്കേണ്ടതല്ലേയെന്നും ബാഗേൽ ചോദിച്ചു.
""രാവിലെ 8. 30ഓടെ പെണ്‍കുട്ടികളിൽ ഒരാൾ കരയുന്നതുകണ്ടു. ഉത്തരവാദപ്പെട്ട ചില പൗരന്മാരുടെ ശ്രദ്ധ ഇതാകർഷിച്ചു. തന്നെ ബലമായി അവിടെ കൊണ്ടുവന്നതാണെന്നും വീട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വിവരമറിഞ്ഞ ബജ്രംഗ്ദൾ അംഗങ്ങളും പോലീസും ഉൾപ്പെടെ ഒരു ജനക്കൂട്ടം അവിടെയെത്തി. ബജ്രംഗ്ദൾ പ്രവർത്തകൻ രവി നിഗത്തിന്റെ പരാതിയെത്തുടർന്നാണ് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത്'' ബാഗേൽ വിശദീകരിച്ചു. എന്നാൽ, കള്ളപ്രചാരണമാണു ബാഗേലിന്റെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.
തെറ്റായ പ്രചാരണം: പെണ്‍കുട്ടികളുടെ
സഹോദരിമാർ
നിർബന്ധിത മതപരിവർത്തനമെന്ന അവകാശവാദങ്ങൾ തെറ്റാണെന്നും ജോലിക്കായി ആഗ്രയിലേക്ക് കൊണ്ടുപോകാൻ പെണ്‍കുട്ടികൾ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീമാർക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ സഹോദരിമാർ ഇന്നലെ പത്രലേഖരോട് പറഞ്ഞു. മനുഷ്യക്കടത്തും മതപരിവർത്തനവും തെറ്റായ ആരോപണമാണ്. കന്യാസ്ത്രീമാരുടെ സഹായത്തിൽ പെണ്‍കുട്ടികളെ ആഗ്രയിലേക്കു കൊണ്ടുപോയതിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പില്ലെന്നും സഹോദരിമാർ പറഞ്ഞതായി "ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.
Tags : Nuns' release nun's arrest