ADVERTISEMENT
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ പൗരനായ നിഹാൽ മോദിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തതെന്ന് യുഎസ് നീതിന്യായവകുപ്പ് അധികൃതർ പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നിഹാലിനെതിരെ ചുമത്തിയിരിക്കുന്നത്.
വ്യാജ രേഖകളുണ്ടാക്കി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയതിൽ നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി, നിഹാൽ എന്നിവർക്കെതിരെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിന് യുകെ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി അപ്പീലുകൾ ഫയൽ ചെയ്യുന്നതിനാൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ വൈകുകയാണ്. ലണ്ടൻ ജയിലിലുള്ള നീരവിനെ 2019ൽ സാമ്പത്തിക കുറ്റകൃത്യത്തിന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
സിബിഐയുടെ അപേക്ഷയിൽ മെഹുൽ ചോക്സിയെ ഈ വർഷം ഏപ്രിലിൽ ബെൽജിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ൽ ഇന്ത്യ വിട്ട ചോക്സി ആന്റിഗ ആൻഡ് ബർബ്യൂഡയിൽ പൗരത്വം നേടി അവിടെ താമസിക്കുകയായിരുന്നു.
13,500 കോടിയുടെ വായ്പാതട്ടിപ്പിന്റെ സൂത്രധാരൻ നിഹാൽ മോദിയാണെന്നാണ് ഇഡിയും സിബിഐയും ആരോപിക്കുന്നത്. നിഹാലിനെ ഇന്ത്യക്ക് വിട്ടുനൽകുന്നത് സംബന്ധിച്ച കേസ് ജൂലൈ 17നാണ് ഇനി കോടതി പരിഗണിക്കുന്നത്.
Tags :