ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചെങ്കിലും തുടർനീക്കങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ആശങ്കയ്ക്കു കാരണം.
വധശിക്ഷ മാറ്റിവച്ചതിൽ അദ്ഭുതമില്ലെന്നും വർഷങ്ങളായി ഈ കേസുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽനിന്ന് മധ്യസ്ഥനീക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശിക്ഷ നടപ്പാക്കുന്നതുവരെ ഞങ്ങൾ അതിനെ പിന്തുടരും. രക്തം വാങ്ങാൻ കഴിയില്ല. എത്ര സമയമെടുത്താലും പ്രതികാരം നടപ്പാക്കുമെന്നും ആ നിമിഷത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതാണ് കുടുംബം മധ്യസ്ഥചർച്ചയ്ക്കു തയാറാണോ ദിയാധനം സ്വീകരിക്കുമോ എന്ന കാര്യത്തിലടക്കം ആശങ്കയ്ക്കു വഴിവച്ചത്.
വധശിക്ഷ നീട്ടുന്നതിനുമുന്‍പ് അബ്ദു മഹ്ദി അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്കു നൽകിയ അഭിമുഖത്തിലും സമാന നിലപാടാണു വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ലെന്നാണ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. കുറ്റകൃത്യം മാത്രമല്ല അതിനെത്തുടർന്നുണ്ടായ മടുപ്പിക്കുന്ന നിയമപ്രക്രിയയും തങ്ങളെ ബുദ്ധിമുട്ടിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മാധ്യമങ്ങൾ നിമിഷപ്രിയയെ ഇരയായി ചിത്രീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മറ്റൊരു കുറിപ്പും അബ്ദു മഹ്ദി ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ചു.
കൊല്ലപ്പെട്ട തലാൽ നിമിഷപ്രിയയുടെ പാസ്പോർട്ട് കണ്ടുകെട്ടിയതായും അവരെ ചൂഷണം ചെയ്തതായും ഇന്ത്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മഹ്ദി ആരോപിച്ചു. കൊലയാളിപോലും ഈ വാദം സമ്മതിച്ചിട്ടില്ല. നിമിഷപ്രിയയെ ഇരയായി ചിത്രീകരിക്കുന്നത് പൊതുജന അഭിപ്രായത്തെ സ്വാധീനിക്കുന്നതിനും സഹാനുഭൂതി തേടുന്നതിനും മാത്രമാണെന്ന് മഹ്ദി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു.
അതേസമയം, ഇന്ത്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ യെമനിൽ തെറ്റായ സ്വാധീനം ചെലുത്തുന്നതായി സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിൽ അറിയിച്ചു. തലാലിന്റെ കുടുംബവുമായി നടത്തുന്ന മധ്യസ്ഥതയെ നിഷേധിച്ചും അവഹേളിച്ചും ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചർച്ചകൾക്കു തടസം സൃഷ്ടിക്കുന്നു. മധ്യസ്ഥ ചർച്ചയ്ക്കു തയാറായ തലാലിന്റെ കുടുംബത്തിലെ മുതിർന്നവർക്കെതിരേ യുവാക്കൾ പ്രതിഷേധം ഉയർത്തുന്ന സ്ഥിതി വരെ ഉണ്ടായതായും ആക്ഷൻ കൗണ്‍സിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആക്ഷൻ കൗണ്‍സിൽ വ്യക്തമാക്കി.
Tags : NIMISHAPRIYA