ADVERTISEMENT
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കേരളം ആഗ്രഹിച്ചതുപോലെ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ അധികാരികൾ മാറ്റിവച്ചു. വധശിക്ഷ ഇന്നു നടപ്പാക്കുന്നതിന് മണിക്കൂറുകൾക്കു മുന്‍പു മാത്രമാണ് 34കാരിയായ നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കൽ നീട്ടിയതായി സ്ഥിരീകരണം ലഭിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താനും നിമിഷപ്രിയയ്ക്ക് ഇസ്ലാമിക നിയമപ്രകാരം മാപ്പ് ലഭിക്കാനും ശ്രമം തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കി.
തലാലിന്റെ കുടുംബത്തിന് വൻതുക ദയാധനം (ബ്ലഡ് മണി) നൽകി നിമിഷപ്രിയയെ വധശിക്ഷയിൽനിന്നു രക്ഷപ്പെടുത്താൻ മലയാളികളുടെ നേതൃത്വത്തിൽ ഇന്ത്യക്കാർ നടത്തുന്ന ശ്രമങ്ങൾക്കു കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും പിന്തുണ തുടരും. തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുന്നതിന് ആവശ്യമായ എട്ടര കോടി രൂപ (10 ലക്ഷം ഡോളർ) സ്വരൂപിച്ചതായി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും എംപിമാരും ചാണ്ടി ഉമ്മൻ അടക്കമുള്ള എംഎൽഎമാരും ആക്ഷൻ കൗണ്‍സിൽ അംഗങ്ങളും നിമിഷപ്രിയയുടെ മോചനത്തിനായി നടത്തിയ നിരന്തര ശ്രമങ്ങളാണു തത്കാലിക വിജയം നേടിയത്.
വധശിക്ഷ നടപ്പാക്കുന്നതു നീട്ടിയെങ്കിലും ആശങ്ക പൂർണമായി മാറിയിട്ടില്ല. തലാലിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. എങ്കിലും പുതിയ സാഹചര്യത്തിൽ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്കു മാപ്പ് നൽകാൻ തലാലിന്റെ കുടുംബം തയാറായേക്കുമെന്നാണു പ്രതീക്ഷ. കുടുംബവുമായി മധ്യസ്ഥചർച്ച നടത്താൻ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ നടത്തിയ ശ്രമമാണു വധശിക്ഷ മാറ്റാൻ വഴിയായത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ അഭ്യർഥനയെത്തുടർന്നാണ് ഷെയ്ഖ് ഹബീബ് മധ്യസ്ഥതയ്ക്കു തയാറായത്. കാന്തപുരത്തിന്റെ മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് ഷെയ്ഖ് ഹബീബ് കേരളത്തിലെത്തിയിരുന്നു.
തലാലിന്റെ കുടുംബവുമായി ചർച്ച നടത്താൻ നിയോഗിക്കപ്പെട്ടിരുന്ന യെമൻ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോം നടത്തിയ ശ്രമങ്ങളും ഫലം കണ്ടു.
ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റീസ്, സർക്കാർ പ്രതിനിധികൾ, തലാലിന്റെ അടുത്ത ബന്ധു എന്നിവരുമായി ഷെയ്ഖ് ഹബീബും സാമുവലും ഇന്നലെ നടത്തിയ ചർച്ച പ്രതീക്ഷാജനകമായിരുന്നു. അറ്റോർണി ജനറലുമായും ഇവർ കൂടിക്കാഴ്ച നടത്തി.
Tags : Nimisha Priya