ADVERTISEMENT
ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീംകോടതി നിർദേശം. ഹർജിക്കാർക്ക് യെമനിൽ പോകണമെങ്കിൽ കേന്ദ്രസർക്കാരിന് അപേക്ഷ നൽകാമെന്നും കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജൂലൈ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവെച്ച വിവരം ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു ഇന്ത്യക്കാരനും യെമന്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന് പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ഹർജിക്കാരോട് കോടതി നിർദേശിച്ചു. ഹര്‍ജി ഓഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Tags : nimisha priya case supreme court