ADVERTISEMENT
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭയിൽ ഇനി എംപിമാർ സ്വന്തം സീറ്റിലെത്തി ഹാജർ വയ്ക്കണം. ലോക്സഭാ ഹാളിനു പുറത്തു വച്ചിരിക്കുന്ന രജിസ്റ്ററിൽ ഒപ്പിടുന്നതായിരുന്നു കഴിഞ്ഞ 75 വർഷമായുള്ള രീതി. തിങ്കളാഴ്ച തുടങ്ങി ഒരു മാസം നീളുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പുതിയ ഹാജർ രീതി നടപ്പാക്കുമെന്ന് സ്പീക്കർ ഓം ബിർള ദീപികയോടു പറഞ്ഞു.
ഓരോ എംപിയുടെയും ലോക്സഭയിലെ സീറ്റിനു മുന്നിലെ മേശയിലുള്ള ബട്ടണ് അമർത്തിയാണു ഹാജർ രേഖപ്പെടുത്തേണ്ടത്. ലോക്സഭാംഗങ്ങൾ പുതിയ രീതി പരിചയിക്കുന്നതുവരെ പഴയ രജിസ്റ്ററിൽ ഒപ്പുവയ്ക്കാനും സൗകര്യമുണ്ടാകും. ഭാവിയിൽ ബയോമെട്രിക് രീതി അടക്കമുള്ള സാങ്കേതികവിദ്യകൾ പാർലമെന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് സ്പീക്കർ പറഞ്ഞു. വർഷകാല സമ്മേളനത്തിൽ പുതിയ ഹാജർ രീതി വിജയകരമായി നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷ.
ഇതിനിടെ, ബിഹാറിലെ വോട്ടർപട്ടിക പുതുക്കൽ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ- എസ്ഐആർ), പഹൽഗാം ഭീകരാക്രമണത്തിലെ സുരക്ഷാവീഴ്ച സമ്മതിച്ച ജമ്മുകാഷ്മീർ ഗവർണറുടെ വെളിപ്പെടുത്തൽ, ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യക്കെതിരേയുള്ള അമേരിക്കൻ തീരുവ, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാന്പത്തിക തളർച്ച, ആദിവാസി-ദളിത്-ന്യൂനപക്ഷ പീഡനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ ആശങ്ക വ്യക്തമാക്കി ശക്തമായ പ്രതിഷേധവും പ്രതിരോധവും തീർക്കാനുള്ള ശ്രമത്തിലാണു പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളുയർത്തി പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്ത്യ സഖ്യം നേതാക്കൾ അറിയിച്ചു.
സഭാകീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷത്തിനു ലഭിക്കേണ്ട ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ടിരിക്കുന്ന മോദി സർക്കാരിന്റെ നടപടിക്കെതിരേ പ്രതിപക്ഷം ശബ്ദമുയർത്തും. എട്ടാംതവണ എംപിയും ദളിത് നേതാവുമായ കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാക്കാൻ നിർദേശമുണ്ട്. മുഖ്യ പ്രതിപക്ഷമായ കോണ്ഗ്രസ് നിർദേശിക്കുന്ന സ്ഥാനാർഥിയെ ഇതര പ്രതിപക്ഷകക്ഷികൾ പിന്തുണച്ചേക്കും. എന്നാൽ, പ്രതിപക്ഷത്തു നിന്ന് ബിജെപിക്കു സ്വീകാര്യനായ ഒരാളെ മാത്രമേ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കു പരിഗണിക്കൂവെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഉപാധ്യക്ഷനെ അനുവദിക്കേണ്ടെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമോയെന്നതും ചോദ്യമാണ്. കഴിഞ്ഞ മോദിസർക്കാരിന്റെ അഞ്ചു വർഷക്കാലവും ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിച്ചിട്ടിരുന്നു. സ്പീക്കറുടെ അഭാവത്തിൽ പ്രവർത്തിക്കേണ്ട ഡെപ്യൂട്ടി സ്പീക്കർക്കു കാബിനറ്റ് മന്ത്രിയുടെ പദവിയുണ്ട്.
21ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാനായി കോണ്ഗ്രസിന്റെ ഉന്നതതല യോഗം ഇന്നു ഡൽഹിയിൽ നടക്കും. പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ രാജ്യസഭാ പ്രതിപക്ഷനേതാവും കോണ്ഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററി പാർട്ടി ഭാരവാഹികൾ, മുതിർന്ന എഐസിസി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
യൂറോപ്പ് പര്യടനത്തിലുള്ള ശശി തരൂരിന്റെ അഭാവത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ യോഗത്തിൽ ചർച്ചയാകില്ല. എങ്കിലും സോണിയ ഗാന്ധി, ഖാർഗെ, രാഹുൽ ഗാന്ധി, സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ തരൂർ വിഷയത്തിൽ പാർട്ടിയെടുക്കേണ്ട നിലപാടിനെക്കുറിച്ച് അനൗപചാരിക ചർച്ച നടത്തിയേക്കും.
Tags : Lok Sabha