ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന അവകാശവാദങ്ങൾ തള്ളിപ്പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിയില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രംപ് പരസ്യമായി സത്യം വിളിച്ചുപറയുമെന്നതിനാലാണ് അദ്ദേഹത്തിന്റെ വാദങ്ങൾ കള്ളമാണെന്നു പറയാൻ മോദിക്കു കഴിയാത്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
എന്താണു യഥാർഥത്തിൽ സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാമെന്നും എന്നാൽ അതു പുറത്തുപറയാൻ മോദിക്കു കഴിയില്ലെന്നതാണു യാഥാർഥ്യമെന്നും രാഹുൽ പറഞ്ഞു. ട്രംപ് കള്ളം പറയുകയാണെന്ന് മോദി പാർലമെന്റിൽ പറയണമെന്ന് പ്രിയങ്ക ഗാന്ധി എംപിയും ആവശ്യപ്പെട്ടു.
ട്രംപ് കള്ളം പറയുകയാണെന്നു പറയാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ലെന്നും സംശയാസ്പദമായി എന്തോ ഉണ്ടെന്നുമായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. കാഷ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഒരിക്കലും സ്വീകരിക്കില്ല എന്നതാണ് ഇന്ത്യയുടെ നയമെന്നും എന്നിട്ടും എന്തുകൊണ്ടാണു കേന്ദ്രസർക്കാർ അമേരിക്കയുടെ ഇടപെടലുകൾക്ക് സമ്മതം നൽകിയതെന്നും അതിന്റെ കാരണങ്ങൾ രാജ്യത്തോട് തുറന്നുപറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
വെടിനിർത്തലിനെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദങ്ങൾ കള്ളമാണെന്ന് പാർലമെന്റിൽ തുറന്നുപറയാൻ മോദിക്കു ധൈര്യമുണ്ടോയെന്ന് രാഹുൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ വെല്ലുവിളിച്ചിരുന്നു. ഇതിനുപിന്നാലെ ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു രാജ്യവും പറഞ്ഞിട്ടില്ലെന്ന് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചു നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നാൽ ട്രംപിന്റെ അവകാശവാദത്തെ അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെ തള്ളിയ മോദിയുടെ നിലപാടിനെയാണ് പ്രതിപക്ഷം വീണ്ടും ചോദ്യം ചെയ്യുന്നത്.
Tags :