ADVERTISEMENT
റായ്പൂർ: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ വകുപ്പുകള്‍. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടിരുന്നു.
Tags : malayali nuns arrested chhattisgarh fir