ADVERTISEMENT
ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. അന്വേഷണത്തിനായി പ്രത്യേക ഓഫീസറെ നിയോഗിച്ചതായി ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. സർക്കാർ നടപടികള്‍ അപര്യാപ്തമാണെന്നു പറഞ്ഞ കോടതി, അന്വേഷണത്തിലെ വീഴ്ചകള്‍ എടുത്തുപറയുകയും ചെയ്തു.
ശിവഗംഗയിലെ തിരുപ്പാവനം സ്വദേശി 29കാരനായ അജിത് കുമാറാണ് ഞായറാഴ്ച പോലീസ് കസ്റ്റഡിയിൽ മരിച്ചത്. അജിത്തിന്റെ തലയിലും നെഞ്ചിലും ഉള്‍പ്പെടെ ഒന്നിലധികം പരിക്കുകള്‍ ഉണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ പോലീസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇവരെ അറസ്റ്റ്ചെയ്തതായും സർക്കാർ വ്യക്തമാക്കിയിരുന്നു.മദപുരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലാണു സുരക്ഷാജീവനക്കാരനായി അജിത് കുമാർ ജോലിചെയ്യുന്നത്. ക്ഷേത്രത്തിന് സമീപം കാര്‍ പാര്‍ക്ക് ചെയ്യാനായി ഒരു സ്ത്രീ അജിത്തിന് താക്കോല്‍ നല്‍കിയതിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നും സ്ത്രീ പരാതി നല്കി. ഇതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി കഴിഞ്ഞ 27 ന് അജിത്തിനെ പോലീസ് വിളിപ്പിച്ചു. ഇതിനിടെ അജിത്തിന് ക്രൂരമർദ്ദം ഏറ്റതായാണു ബന്ധുക്കളുടെ ആരോപണം. രണ്ടുദിവസത്തിനുശേഷം അജിത്തിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
പോലീസ് പീഡനമാണ് മരണത്തിന് കാരണമെന്ന് അജിത്തിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. പ്രതിപക്ഷകക്ഷികൾ സർക്കാരിനെതിരേ രംഗത്തെത്തുകയും ചെയ്തു. ഇതോടെ ജുഡീഷ്യല്‍ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു. പൊലീസ് സൂപ്രണ്ട് ആശിഷ് റാവത്തിനെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തി.
സംഭവത്തിൽ സ്റ്റാലിൻ സർക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം തുടരുകയാണ്. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. സ്റ്റാലിൻ സർക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങള് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
അന്വേഷണം സിബിഐക്ക്
ചെന്നൈ: പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കേസന്വേഷണം സിബിഐക്കു കൈമാറുന്നതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പോലീസുകാർക്കെതിരേ നടപടിയും തുടങ്ങി. ചോദ്യംചെയ്യലിനിടെ പോലീസ് മർദിച്ചതാണ് അജിത് കുമാറിന്റെ മരണത്തിനു കാരണം. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത സംഭവമാണിത്-മുഖ്യമന്ത്രി പറഞ്ഞു.
തുടക്കത്തിലേ ആറ് പോലീസുകാരെ സസ് പെൻഡ് ചെയ്തു. അഞ്ചുപേരെ കൊലപാതകക്കുറ്റം ചുമത്തി പിന്നാലെ അറസ്റ്റ്ചെയ്തു. ഒരു ഡിഎസ്പിയെയും സസ്പൻഡ് ചെയ്തു-മുഖ്യമന്ത്രി സ്റ്റാലിൻ വിശദീകരിച്ചു.
Tags : Madras High Court Sivaganga custodial death