ADVERTISEMENT
ബംഗളൂരു: കർണാടകയിലെ നേതൃമാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരം പറഞ്ഞുകഴിഞ്ഞതോടെ വിഷയത്തിന്റെ പ്രസക്തി അവസാനിച്ചെന്നു കർണാടകയിലെ കോൺഗ്രസ് മന്ത്രിമാർ.
പാർട്ടി ജനറൽ സെക്രട്ടറിമാർ അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ വിഷയത്തിലെ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയും സമാനമായ പ്രതികരണമാണു നടത്തിയത്. മുഖ്യമന്ത്രി തസ്തിക ഒഴിഞ്ഞു കിടക്കുകയല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും സഹോദരൻ ഡി.കെ. സുരേഷും പറഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീണ്ടും ആവർത്തിക്കുന്നത് ഉചിതമല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതികരിച്ചു. ""ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കില്ലാത്ത ആശങ്ക നിങ്ങൾക്ക് എന്തിനാണ്? ഹൈക്കമാൻഡുമായി ഞങ്ങൾ സംസാരിച്ചത് സംസ്ഥാനത്തെ ബോർഡ്, കോർപറേഷൻ നിയമനങ്ങളെക്കുറിച്ചാണ്'', അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയായി താൻ അഞ്ചു വർഷം തികയ്ക്കുമെന്നു കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
Tags :