ADVERTISEMENT
പാറ്റ്ന: പ്രമുഖ ബിസിനസുകാരൻ ഗോപാൽ ഖേംക കൊല്ലപ്പെട്ടതിൽ ബിഹാറിൽ പ്രതിഷേധം ഇരന്പുന്നു. വെള്ളിയാഴ്ച അർധരാത്രിയോടെ പാറ്റ്ന ഗാന്ധി മൈതാൻ മേഖലയിലെ വീടിന്റെ ഗേറ്റിനു സമീപമാണ് ഖേംക വെടിയേറ്റു കൊല്ലപ്പെട്ടത്.
കാറിൽനിന്നു പുറത്തിറങ്ങിയ ഖേകയെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിവയ്ക്കുകയായിരുന്നു. ഏഴു വർഷം മുന്‍പ് ഖേംകയുടെ മകൻ ഗുൻജനെ അക്രമികൾ വെടിവച്ചുകൊന്നിരുന്നു. ബിജെപിയുമായി ബന്ധമുള്ളയാളാണു ഖേംക.
കേസ് അന്വേഷണത്തിനായി സ്പെഷൽ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപവത്കരിച്ചു. ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗോപാല്‍ ഖേംകയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിയും എന്‍ഡിഎ ഘടകകക്ഷി നേതാവുമായ ചിരാഗ് പാസ്വാന് രംഗത്തെത്തി. “ഇത്തരമൊരു സംഭവം പാറ്റ്നയിലെ പോഷ് മേഖലയിലുണ്ടായെങ്കില് ഗ്രാമങ്ങളിലെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ. അക്രമികള്‍ക്കെതിരേ കര്‍ക്കശ നടപടിയെടുക്കണം. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുത്’’ -പാസ്വാന് ആവശ്യപ്പെട്ടു. ബിഹാർ ഇന്ത്യയുടെ ക്രൈം ക്യാപ്പിറ്റലായി മാറിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Tags :