ADVERTISEMENT
ന്യൂഡൽഹി: പുതുക്കിയ കീം റാങ്ക് പട്ടിക സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കേരള സിലബസ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളോടുള്ള നീതിനിഷേധമാണ് പുതുക്കിയ റാങ്ക് പട്ടികയെന്നാണ് ഓണ്‍ലൈനായി സമർപ്പിച്ച ഹർജിയിൽ വിദ്യാർഥികൾ ആരോപിച്ചിരിക്കുന്നത്.
അവധിക്കാലത്തിനുശേഷം കോടതി പൂർണമായും തുറന്നുപ്രവർത്തിക്കുന്ന ഇന്നോ നാളെയോ കേസ് പരാമർശിച്ച് അടിയന്തര വാദം കേൾക്കുന്നതിനുള്ള ശ്രമമാണു ഹർജിക്കാർ നടത്തുന്നത്. 15 പേരാണു ഹർജിയിൽ കക്ഷി ചേർന്നിരിക്കുന്നത്. പ്രോസ്പെക്ടസ് തിരുത്താൻ സർക്കാരിന് അധികാരമുണ്ട്. ഹൈക്കോടതി ഇടപെട്ടതു നയപരമായ വിഷയത്തിലാണ്. റാങ്ക് പട്ടിക നിർണയവുമായി ബന്ധപ്പെട്ട് കേരള സിലബസിലെ വിദ്യാർഥികൾക്ക് നീതി നിഷേധിക്കപ്പെട്ടു.
ആദ്യ 100 റാങ്കിൽ 21 പേർ മാത്രമാണു കേരള സിലബസിൽനിന്നുള്ളതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കേസിൽ സിബിഎസ്ഇ സിലബസുകാർ കോടതിയിൽ തടസഹര്‍ജി സമർപ്പിക്കും.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്പെക്ടസില്‍ വരുത്തിയ മാറ്റങ്ങള്‍ നിയമവിരുദ്ധമാണെന്നു വിലയിരുത്തിയായിരുന്നു സിംഗിള്‍ ബെഞ്ച് റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചതോടെയാണു റാങ്ക് പട്ടിക മാറിമറിഞ്ഞത്. ആദ്യ റാങ്ക് പട്ടികയിൽ 100ൽ 43 പേർ കേരള സിലബസിൽനിന്നുള്ള വിദ്യാർഥികളായിരുന്നു. എന്നാൽ പുതുക്കിയ പട്ടികയിൽ അത് 21 ആയി ചുരുങ്ങി. ആദ്യറാങ്കുകളിൽ അടക്കം ഇതു മാറ്റമുണ്ടാക്കി.
എന്നാൽ റാങ്ക് പട്ടിക കണക്കാക്കാൻ സർക്കാർ അവസാനം വരുത്തിയ മാറ്റങ്ങൾ നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിബിഎസ്ഇ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചതും തുടർന്ന് റാങ്ക് പട്ടിക തയാറാക്കുന്നതിന് പഴയ ഫോർമുല സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതും.
ഹൈക്കോടതി ഉത്തരവിനു പിന്നാലെ തിരുത്തിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും പഴയ ഫോർമുലയിലുള്ള പ്രവേശനനടപടികൾ സർക്കാർ ആരംഭിക്കുകയും ചെയ്തിരുന്നു. ഈമാസം 16 വരെ വിദ്യാർഥികൾക്കു പ്രവേശനത്തിനായി അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ വിദ്യാർഥികൾക്കു സുപ്രീംകോടതിയെ സമീപിക്കാമെന്നും മന്ത്രി അറിയിക്കുകയുണ്ടായി. സർക്കാർതലത്തിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും എല്ലാവർക്കും തുല്യത ഉറപ്പാക്കാനാണ് പുതിയ ഫോർമുല ആവിഷ്കരിച്ചതെന്നും ഹൈക്കോടതി ഉത്തരവിനുശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
പ്ലസ്ടുവിലെ മാർക്ക്, കീം പരീക്ഷയ്ക്കു ലഭിക്കുന്ന മാർക്ക്, ഒപ്പം വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് കേരള എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ റാങ്ക് പട്ടിക 2011 മുതൽ പ്രസിദ്ധപ്പെടുത്തിയിരുന്നത്.
എന്നാൽ പുതിയ ഫോർമുല കേരള സിലബസ് വിദ്യാർഥികൾക്ക് കൂടുതൽ വെയിറ്റേജ് ലഭിക്കുന്നതിനു കാരണമാകുമെന്നാണ് ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച വിദ്യാർഥികളുടെ വാദം. പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷം വെയ്റ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന കണ്ടെത്തലിലാണു പഴയ ഫോർമുല പ്രകാരം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
Tags :