ADVERTISEMENT
സനു സിറിയക്
ന്യൂഡൽഹി: കേരളത്തിലെ എൻജിനിയറിംഗ് പ്രവേശനത്തിന് നിലവിൽ ആരംഭിച്ച നടപടി തടസപ്പെടുത്തില്ലെന്നു വ്യക്തമാക്കി സുപ്രീംകോടതി. ഹൈക്കോടതി വിധിയെത്തുടർന്ന് പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ടു കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ ഇന്നു കോടതിയിൽ നിലപാട് വ്യക്തമാക്കണമെന്നും വിഷയത്തിൽ സംസ്ഥാനത്തിന് നോട്ടീസ് അയയ്ക്കുന്നില്ലെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുകർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകില്ലെന്നും വിദ്യാർഥികൾ വേണമെങ്കിൽ സ്വന്തംനിലയിൽ സുപ്രീംകോടതിയെ സമീപിക്കട്ടേയെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്. അതിനാൽ, ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. സർക്കാർ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് കേരള സിലബസ് വിദ്യാർഥികളുടെ പ്രതീക്ഷ. ഹർജി ഇന്നു വീണ്ടും കോടതി പരിഗണിക്കും.
നിലവിലെ റാങ്ക് പട്ടികയിൽ ഇടപെടില്ലെന്നു വ്യക്തമാക്കിയ കോടതി വിഷയം തത്വത്തിൽ കേൾക്കാമെന്നു വ്യക്തമാക്കി. ഭാവിയിൽ വിവിധ ബോർഡുകളിൽ വിദ്യാർഥികളുടെ റാങ്ക് പട്ടിക ക്രമീകരിക്കുന്നതു സംബന്ധിച്ച കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നിർദേശങ്ങൾ നടപ്പാക്കണോയെന്ന കാര്യത്തിൽ സുപ്രീംകോടതി തീരുമാനം വ്യക്തമാക്കിയേക്കും.
പുതുക്കിയ റാങ്ക് പട്ടിക തങ്ങളോടുള്ള നീതിനിഷേധമാണെന്നും അതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു 15 കേരള സിലബസ് വിദ്യാർഥികൾ ഞായറാഴ്ചയാണു സുപ്രീംകോടതിയിൽ ഓണ്ലൈനായി ഹർജി സമർപ്പിച്ചത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഡ്വ. പി.എസ്. സുൾഫിക്കർ അലി തുടങ്ങിയവരാണ് കേരള സിലബസ് വിദ്യാർഥികൾക്കുവേണ്ടി ഹാജരായത്. പരീക്ഷയുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസ് തിരുത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് പ്രശാന്ത് ഭൂഷണ് കോടതിയെ അറിയിച്ചു.
അവസാനവർഷ റാങ്ക് പട്ടികകൾ പരിശോധിച്ചാൽ ആദ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്നത് സിബിഎസ്ഇ ബോർഡിനു കീഴിലുള്ള വിദ്യാർഥികളാണ്. വിദ്യാർഥികളുടെ മാർക്ക് സംബന്ധിച്ച അനുപാതം കണക്കാക്കുന്നതിലെ വ്യത്യാസം മൂലമാണിത്. ഇതു പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നിയമിച്ച വിദഗ്ധസമിതിയുടെ ശിപാർശപ്രകാരമാണു റാങ്ക് പട്ടിക കണക്കാക്കുന്നതിന് പുതിയ ഫോർമുല സർക്കാർ നടപ്പാക്കിയത്. സ്റ്റേറ്റ് ബോർഡിനു കീഴിൽ 100 ശതമാനം മാർക്ക് ലഭിച്ച വിദ്യാർഥികൾക്കു മാത്രമേ കീമിന്റെ റാങ്ക് പട്ടികയിൽ മുന്നിലെത്താൻ സാധിക്കൂവെന്നും പ്രശാന്ത് ഭൂഷണ് കോടതിയിൽ വ്യക്തമാക്കി. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുന്പ് മാത്രമാണ് സർക്കാർ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയതെന്ന് സിബിഎസ്ഇ വിദ്യാർഥികൾക്കുവേണ്ടി ഹാജരായ അൽജോ കെ. ജോസഫ് വ്യക്തമാക്കി.
Tags : KEAM Rank List