ADVERTISEMENT
ന്യൂഡൽഹി: കെട്ടിടം തകര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. രക്ഷാപ്രവര്‍ത്തനം വൈകിയതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തം ഉണ്ടായാലും അക്രമം നടന്നാലും അതിനെ ന്യായീകരിക്കണമെന്ന കേരള മോഡലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നല്‍കിയത്. അതുകൊണ്ടാണ് കോട്ടയത്ത് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആളില്ലെന്ന് മുന്‍വിധിയോടെ മന്ത്രിമാര്‍ പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരു ബില്‍ഡിംഗ് ഓഡിറ്റ് നടത്തിയാല്‍ അറ്റകുറ്റപ്പണി നടത്താനുള്ള കെട്ടിടങ്ങളെ കുറിച്ച് മനസിലാകും.
കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാ കളരിയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമില്ല. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിലും കാലപ്പഴക്കം ചെന്നവ പുതുക്കി പണിയുന്നതിലും ആരോഗ്യവകുപ്പും പൊതുമരാമത്തും വകുപ്പും തമ്മില്‍ ഏകോപനമില്ലെന്നും അദ്ദേഹം പറഞ്ഞു.
റവാഡ ചന്ദ്രശേഖറിനെ ഡിജിപിയാക്കിയത് സിപിഎം ബിജെപി അന്തര്‍ധാരയുടെ ഭാഗമാണ്. സ്വന്തം തടിയെ കുറിച്ചോര്‍ത്തപ്പോള്‍ മുഖ്യമന്ത്രി കൂത്തുപറമ്പ് രക്തസാക്ഷികളെയും അവരുടെ കുടുംബത്തേയും മറന്നു. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ കുറ്റക്കാരെനെന്ന് സിപിഎം അന്ന് പറഞ്ഞ വ്യക്തിയെ ഇപ്പോള്‍ ഡിജിപിയാക്കിയ നടപടിയെ കുറിച്ച് അണികളോട് മറുപടി പറയാന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Tags :