ADVERTISEMENT
ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയെ നീക്കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാർ എത്തുമെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത്തരം കാര്യങ്ങൾ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും ഖാർഗെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
2023ൽ കോൺഗ്രസ് സർക്കാർ കർണാടകയിൽ ഭരണത്തിലേറിയപ്പോൾ മുതൽ സമാനമായ വാർത്തകൾ പ്രചരിച്ചിരുന്നു. സിദ്ധരാമയ്യയും ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രിമാരാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അന്ന് കോൺഗ്രസ് നിഷേധിക്കുയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നുമില്ല.
അതേസമയം, കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ്സിംഗ് സുർജേവാല ഇന്നലെ ബംഗളൂരുവിൽ പാർട്ടി നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സുർജേവാലയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഭാവി നടപടികൾ തീരുമാനിക്കുകയെന്നും ഖാർഗെ വ്യക്തമാക്കി. എന്നാൽ, ഖാർഗെ അപ്രതീക്ഷിതമായി എഐസിസി അധ്യക്ഷനായ വ്യക്തിയാണെന്നും അദ്ദേഹമല്ലാതെ മറ്റാരാണ് ഹൈക്കമാൻഡ് എന്നും നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക പരിഹസിച്ചു.
മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ രൺദീപ് സുർജേവാല എംഎൽഎമാർ, എംപിമാർ, പരാജയപ്പെട്ട സ്ഥാനാർഥികൾ, ഡിസിസി അധ്യക്ഷന്മാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ ചിക്കബല്ലാപുര, കോലാർ ജില്ലകളിലെ എംഎൽഎമാരുമായി സുർജേവാല കൂടിക്കാഴ്ച നടത്തി. സർക്കാരിന്റെ പ്രവർത്തനത്തിൽ ഏതാനും എംഎൽഎമാർ അതൃപ്തി പരസ്യമാക്കിയിരുന്നു. ബി.ആർ. പാട്ടീൽ, രാജു കാഗെ എന്നിവരാണ് അതൃപ്തി പരസ്യമാക്കിയവർ.
Tags :