ADVERTISEMENT
നാരായൺപുർ: ബജ്രംഗ്ദൾ പ്രവർത്തകർ ഭീഷണിയിലൂടെയും മർദനത്തിലൂടെയും കന്യാസ്ത്രീമാർക്കെതിരേ വ്യാജമൊഴി നൽകാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് ആദിവാസി പെൺകുട്ടി കമലേശ്വരി പ്രധാൻ.
കഴിഞ്ഞ അഞ്ചു വർഷമായി ക്രിസ്തുമതത്തിൽ വിശ്വസിച്ചുപോരുന്ന കുടുംബമാണ് തന്റേതെന്നും കമലേശ്വരി (21) പറഞ്ഞു. "" എന്റെ മാതാപിതാക്കളുടെ അനുവാദത്തോടെ ആഗ്രയിലേക്കു പോകുകയായിരുന്നു ഞാൻ. അവിടെനിന്നു ഭോപ്പാലിലേക്കാണു പോകേണ്ടിയിരുന്നത്. അവിടെയുള്ള ക്രിസ്ത്യൻ ആശുപത്രിയിൽ 10,000 രൂപ ശന്പളത്തിൽ ജോലി നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു. ഒപ്പം ആഹാരവും താമസവും വസ്ത്രവും ലഭിക്കുമെന്ന് പറഞ്ഞിരുന്നു.
ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കന്യാസ്ത്രീമാർ ഏതാനും മണിക്കൂറുകൾ വൈകിയാണ് സ്റ്റേഷനിലെത്തിയത്. അപ്പോഴാണ് ഒരാൾ ഞങ്ങളോട് വഴക്കിനു വന്നത്. പിന്നീട് ബജ്രംഗ്ദളുകാരും അയാളോടൊപ്പം ചേരുകയായിരുന്നു. മർദിച്ചശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ച ഞങ്ങളോട് ജ്യോതി ശർമയെന്ന ബജ്രംഗ്ദൾ നേതാവാണ് ഞങ്ങളെ അവർ നിർബന്ധിച്ചു കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്നുമൊഴി നൽകാൻ ആവശ്യപ്പെട്ടത്. ജ്യോതി ശർമ മർദിക്കുകയും ചെയ്തു''-കമലേശ്വരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തന്റെ മൊഴി പോലീസ് ശരിയായി രേഖപ്പെടുത്തിയില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് കന്യാസ്ത്രീമാർ നിരപരാധികളാണെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
Tags : Kamleshwari Pradhan