ADVERTISEMENT
ചണ്ഡീഗഡ്: ജലന്ധര്‍ രൂപത മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ തുടങ്ങി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസില്‍ രാവിലെ പത്തിന് ചടങ്ങുകൾ ആരംഭിച്ചു.
ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോയാണ് മെത്രാഭിഷേക ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഉജ്ജൈൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവരാണ് സഹകാർമികരാകുക.
ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകും. വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഡൽഹിയിലെ വത്തിക്കാൻ നുണ്‍ഷ്യേച്ചറിലെ കൗണ്‍സിലർ മോണ്‍. ജുവാൻ പാബിയോ, ബിഷപ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ മാതൃരൂപതയായ പാലായുടെ വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തിൽ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, സിസ്റ്റർ റോസ് മേരി എസ്എബിഎസ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി എന്നിവർ പ്രസംഗിക്കും.
പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്.