ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വർഗീയ പരാമർശം നടത്തി വിവാദത്തിലായ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യുന്ന നടപടി കേന്ദ്ര സർക്കാർ വൈകിക്കുകയാണന്ന ആരോപണവുമായി മുതിർന്ന രാജ്യസഭാംഗം കപിൽ സിബൽ. നടപടികളൊന്നും നേരിടാതെ ശേഖർ കുമാർ യാദവ് അടുത്ത വർഷം വിരമിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം ഇംപീച്ച്മെന്റ് നോട്ടീസ് നൽകുന്നത് വൈകിക്കുന്നതെന്ന് സിബൽ ആരോപിച്ചു.
ഔദ്യോഗിക വസതിയിൽനിന്ന് അനധികൃതമായ പണക്കെട്ട് കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമക്കെതിരെ കേന്ദ്രം വ്യത്യസ്തമായ മാനദണ്ഡമാണ് സ്വീകരിക്കുന്നതെന്നും സിബൽ കുറ്റപ്പെടുത്തി.
ഭൂരിപക്ഷത്തിന്റെ താത്പര്യപ്രകാരം രാജ്യം ഭരിക്കണമെന്നതടക്കമുള്ള ജസ്റ്റീസ് ശേഖർ യാദവിന്റെ വിവാദപരാമർശങ്ങളോട് സർക്കാർ യോജിക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹത്തെ സർക്കാർ പ്രതിരോധിക്കുകയാണെന്നും സിബൽ ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജസ്റ്റീസ് യാദവിന്റെ ഇംപീച്ച്മെന്റിനായുള്ള 55 എംപിമാരുടെ ഒപ്പുകൾ പരിശോധിക്കുന്നതിൽ രാജ്യസഭാ സെക്രട്ടേറിയറ്റ് സ്വീകരിച്ച നടപടിക്രമത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ജസ്റ്റീസ് ശേഖർ യാദവ് ഇതുവരെയും വിവാദ പരാമർശങ്ങൾ നിഷേധിച്ചിട്ടില്ലെന്നും സിബൽ കൂട്ടിച്ചേർത്തു.
Tags : Kapil Sibal