ADVERTISEMENT
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ ഇതുവരെ 78 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 40ലേറെപ്പേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്ന് ദുരന്തനിവാരണസേന ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്.
ഹിമാചലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംമണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. നിരവധി ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. വൻനാശമാണു സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഹിമാചലിൽ ഇതുവരെ 23 മിന്നൽപ്രളയവും 19 മേഘവിസ്ഫോടനവും 16 ഇടത്ത് മണ്ണിടിച്ചിലും ഉണ്ടായെന്നാണ് റിപ്പോർട്ട്.
ഹിമാചലിലെ കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചമ്പ, കാംഗ്ര, മാണ്ഡി, ഷിംല, സിർമൗർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കസാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉന, ബിലാസ്പുർ, ഹാമിർപുർ, ചമ്പ, സോളൻ, ഷിംല, കുളു ജില്ലകളിലും ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. ചന്പ ജില്ലയിൽ മേഘവിസ്ഫോടനം സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ഹിമാചലിൽ 240ലേറെ റോഡുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു. നിരവധിപ്പേർ ഭവനരഹിതരായി.
ഇന്നുരാവിലെ ഡൽഹിയിലും സമീപ മേഖലകളിലും തുടർച്ചയായി മഴ പെയ്തു. വരുംമണിക്കൂറുകളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ അതിശക്തമായ കാറ്റും മിന്നലുമുണ്ടായി. ഡൽഹി-എൻസിആറിൽ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബ്, ജമ്മു കാഷ്മീർ, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
Tags : Himachal Pradesh Flash floods