ADVERTISEMENT
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾ കത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയെ പുറത്താക്കുന്നതിന് 21ന് തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർതന്നെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കും. കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടെ ഓഗസ്റ്റ് 21 വരെ നീളുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം പാസാകുന്നതിന് കളമൊരുങ്ങി. പാർലമെന്റിൽ പ്രമേയം പാസാക്കുന്നതിനുമുന്പായി വിവാദ ജഡ്ജി വർമ രാജിവച്ചേക്കുമെന്നാണു സൂചന.
അഴിമതി ആരോപണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ പുറത്താക്കണമെന്നതിൽ ബിജെപി, കോണ്ഗ്രസ്, ഇടതുപാർട്ടികൾ അടക്കമുള്ള പ്രധാന ഭരണ- പ്രതിപക്ഷ പാർട്ടികൾക്കിടയിൽ യോജിപ്പുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജഡ്ജിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഔപചാരിക പ്രമേയം അവതരിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണയ്ക്കായി ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ പ്രധാന പാർട്ടികളെയും സർക്കാർ സമീപിച്ചിട്ടുണ്ട്. ലോക്സഭയിൽ പ്രമേയം അവതരിപ്പിക്കുന്നതിന് കുറഞ്ഞത് 100 എംപിമാരുടെ ഒപ്പ് ആവശ്യമാണ്. രാജ്യസഭയിൽ 50 എംപിമാരുടെ ഒപ്പ് മതിയാകും. ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ പിന്തുണയ്ക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടികൾ തത്വത്തിൽ അംഗീകാരം നൽകിയതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു പറഞ്ഞു. എന്നാൽ പ്രമേയം ലോക്സഭയിലാണോ രാജ്യസഭയിലാണോ കൊണ്ടുവരുകയെന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ജസ്റ്റീസ് വർമയെ നീക്കം ചെയ്യുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി രൂപീകരിച്ച ആഭ്യന്തര വസ്തുതാന്വേഷണ സമിതി ശിപാർശ ചെയ്തതായി റിപ്പോർട്ടുണ്ട്.
ഡൽഹി ഹൈക്കോടതിയിൽ ഡെപ്യൂട്ടേഷനിലായിരിക്കെയാണു വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു കണക്കിൽപ്പെടാത്ത വൻതോതിലുള്ള പണം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ കാവലുള്ള വസതിയുടെ വളപ്പിൽ ഔട്ട് ഹൗസിലുണ്ടായ തീപിടിത്തത്തെത്തുടർന്നാണ് കെട്ടുകണക്കിന് 500 രൂപയുടെ കറൻസികൾ പാതി കത്തിയനിലയിൽ അഗ്നിരക്ഷ സേനാംഗങ്ങളും പോലീസും കണ്ടെത്തിയത്. സംഭവസമയത്തു വർമയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല. പാതികരിഞ്ഞ നോട്ടുകളുള്ള ചാക്കുകെട്ടുകൾ പെട്ടെന്നുതന്നെ മറ്റെങ്ങോട്ടോ കടത്തിക്കൊണ്ടുപോയിരുന്നു. സംഭവത്തിൽ കേസെടുക്കുകയോ പണം തൊണ്ടിയായി എടുക്കുകയോ ചെയ്യാതെ ഡൽഹി പോലീസ് കള്ളക്കളി നടത്തിയതു വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Tags : JUSTICE VERMA