ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യ കാത്തിരിക്കുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകൾ രണ്ടാഴ്ചയ്ക്കുള്ളിലെത്തും. ഇന്ത്യയിലെയും അമേരിക്കയിലെയും പ്രതിരോധമന്ത്രാലയങ്ങൾ നടത്തിയ ചർച്ചകൾക്കു പിന്നാലെയാണ് ആദ്യബാച്ച് എത്തുന്നത്. ജൂലൈ 15ഓടെ മൂന്നു ഹെലികോപ്റ്ററുകൾ എത്തുമെന്ന് പ്രതിരോധവൃത്തങ്ങൾ സ്ഥിരീകരിച്ചു. മൂന്ന് ഹെലികോപ്റ്ററുകളടങ്ങുന്ന അടുത്ത ബാച്ച് നവംബറോടെയാണ് എത്തുക.
2020ൽ അമേരിക്കയുമായുള്ള 60 കോടി ഡോളർ കരാറിന്റെ അടിസ്ഥാനത്തിലാണ് ആറ് അപ്പാച്ചെ എഎച്ച്64ഇ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. 2024 മേയ്-ജൂണ്‍ മാസങ്ങളിൽ എത്തേണ്ടതായിരുന്നു. പക്ഷേ, പല കാരണങ്ങളാൽ വൈകി. ഇതുസംബന്ധിച്ച് ഈ മാസമാദ്യം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഇന്ത്യൻ കരസേനയുടെ ഏവിയേഷൻ കോറിനുവേണ്ടിയാണ് ഹെലികോപ്റ്ററുകളെത്തുന്നത്. ഓപ്പറേഷൻ സിന്ദൂറിനുശേഷം പശ്ചിമാതിർത്തിയിലെ സൈനികബലം ശക്തമാക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യക്ക് അപ്പാച്ചെ ഹെലികോപ്റ്റർ ഗുണകരമാകും. അപ്പാച്ചെ ഗാർഡിയൻ എന്നറിയപ്പെടുന്ന ഇവ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ പരന്പരയിലെ അത്യാധുനികമായാണ് പരിഗണിക്കപ്പെടുന്നത്. ബഹുമുഖ യുദ്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകൾ അമേരിക്കൻ കരസേനയുടെ നട്ടെല്ലായി കരുതപ്പെടുന്നു.
Tags : Apache helicopters