ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളിൽ മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 767 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവന്നത്.
കർഷകർക്ക് സർക്കാർ നൽകിയിരുന്ന ഉറപ്പുകൾ പാലിക്കാതെ വ്യവസായ പ്രമുഖരെ പ്രീതിപ്പെടുത്തുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സർക്കാർ നിയമസഭയിലാണ് കർഷകആത്മഹത്യയുടെ കണക്ക് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ സംസ്ഥാന സർക്കാർ കർഷകർക്ക് അടിയന്തര സാന്പത്തിക സഹായം ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടെന്നും അർഹരായ പലർക്കും നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സഹായം നിഷേധിച്ചെന്നും കോണ്ഗ്രസ് എംഎൽഎമാർ ആരോപിച്ചിരുന്നു.
767 കർഷകരുടെ കുടുംബങ്ങൾ തകർന്നിട്ടും സർക്കാർ മൗനത്തിലാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. “കർഷകർ കടത്തിലേക്ക് ആഴത്തിൽ വീണുകൊണ്ടിരിക്കുന്നു. വിത്തുകൾക്കും വളങ്ങൾക്കും ഡീസലിനും ഉയർന്ന വിലയാണ്. വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) ഒരുറപ്പും നൽകിയിട്ടില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മോദി പറഞ്ഞിരുന്നത്, എന്നാൽ ഇന്നത്തെ സ്ഥിതിയിൽ അവരുടെ ജീവിതംതന്നെ പകുതിയായി കുറയുന്നു. സംവിധാനം കർഷകരെ നിശബ്ദമായി നിരന്തരം കൊല്ലുകയാണ്''- രാഹുൽ കുറ്റപ്പെടുത്തി.
കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യം സർക്കാർ നിരസിക്കുകയാണെന്നും അതേസമയം കോടിക്കണക്കിനു രൂപ കടങ്ങളുള്ളവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. വ്യവസായ പ്രമുഖനായ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ ലോണ് അക്കൗണ്ട് 'തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്താൻ എസ്ബിഐ തീരുമാനിച്ചതും രാഹുൽ എക്സിലിട്ട കുറിപ്പിൽ സൂചിപ്പിച്ചു.