ADVERTISEMENT
ലക്നോ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) തുടരുന്ന ശുഭാംശു ശുക്ല കുടുംബാംഗങ്ങളുമായി സംസാരിച്ചു. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ആക്സിയം-4 ദൗത്യത്തിലെ അംഗമായ ശുഭാംശു അടുത്ത തിങ്കളാഴ്ച ഭൂമിയിൽ തിരിച്ചെത്തുമെന്നാണു കരുതുന്നത്. ഇതിനിടെയാണു കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയത്.
ബഹിരാകാശദൗത്യം സുഗമമായി മുന്നോട്ടുപോകുന്നുവെന്ന് അറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ലക്നോയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് ശുഭാംശുവിന്റെ പിതാവ് ശംഭു ദയാൽ ശുക്ല പ്രതികരിച്ചു. ബഹിരാകാശത്ത് എവിടെയാണ് ജോലി ചെയ്യുന്നത്, ഉറങ്ങുന്നത്, പരീക്ഷണശാല, ദൈനംദിന പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ശുഭാംശു വിദശീകരിച്ചു. ""സംസാരിക്കാനായതിൽ ഏറെ സന്തോഷമുണ്ട്. എല്ലാം വ്യക്തമായി വിവരിച്ചുതന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’’-അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശത്തുനിന്നുള്ള കാഴ്ചയിൽ ഭൂമിയും പ്രവഞ്ചവും അതിമനോഹരമാണെന്നു ശുഭാംശു പറഞ്ഞതായി അമ്മ ആഷ ശുക്ല പറഞ്ഞു. ""ബഹിരാകാശ നിലയത്തിൽനിന്നുള്ള കാഴ്ചകൾ കാണിച്ചുതരികയും ചെയ്തു. തിരിച്ചുവരവിനായി തീർച്ചയായും കാത്തിരിപ്പിലാണ്. കാലാവസ്ഥയും മറ്റും പരിഗണിച്ചായിരിക്കും മടക്കമായാത്ര. അതെപ്പോഴായാലും ഞങ്ങളെല്ലാവരും പൂർണ്ണസജ്ജരാണ്. അവനുവേണ്ടതെല്ലാം പാകംചെയ്യും’’-അമ്മ പറഞ്ഞു.
ഐഎസ്എസിലെത്തിയ ആദ്യ ഇന്ത്യക്കാരനും രാകേഷ് ശര്‍മ്മയ്ക്കു ശേഷം ബഹിരാകാശയാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശുഭാംശു. 14 ദിവസത്തെ ദൗത്യത്തിനാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തില്‍ എത്തിയത്.
യുഎസിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽനിന്ന് കഴിഞ്ഞ 26 നാണ് ശുഭാംശുവും മറ്റ് മൂന്നുപേരും ബഹിരാകാശത്തേക്ക് കുതിച്ചത്. 28 മണിക്കൂറിനുശേഷമാണ് സംഘം ബഹിരാകാശനിലയത്തിലെത്തിയത്.
Tags : Shubhamshu shukla