ADVERTISEMENT
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി പൊളിച്ചു കൊണ്ടുപോകാന്‍ നീക്കം. തകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം ഭാഗങ്ങളാക്കി പൊളിച്ച് കൊണ്ടുപോകാനുള്ള ശ്രമമാരംഭിച്ചു.
ഇതിനായി സി17 ഗ്ലോബ്മാസ്റ്റര് എന്ന കൂറ്റന്‍ വിമാനം എത്തിക്കും. ഏതൊക്കെ ഭാഗങ്ങളാണ് പൊളിക്കുക എന്ന് ഇതുവരെ വ്യക്തമായില്ല. ചിറകുകള് അഴിച്ചുമാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി യുകെയില്‍ നിന്നുള്ള വിദഗ്ധസംഘം പുറപ്പെട്ടിട്ടുണ്ട്. 40 അംഗ ബ്രിട്ടീഷ് - അമേരിക്കന്‍ സാങ്കേതിക വിദഗ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്.
എഫ്35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്ട്ടിന് കമ്പനിയുടെ സാങ്കേതികവിദഗ്ധരും ഇക്കൂട്ടത്തിലുണ്ടാകും. അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്35 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്.
ജൂൺ 15-ാം തീയതിയാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനം ലാന്‍ഡ് ചെയ്ത വകയില്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള പാര്‍ക്കിംഗ്, ഹാങ്ങര്‍ ഫീസുകള്‍ ഉള്‍പ്പെടെ ഒടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Tags :