ADVERTISEMENT
‘കൃഷിഭൂമിക്കൊരു ചരമഗീതം’ എന്ന് ദീപിക മുഖപ്രസംഗമെഴുതിയിട്ട് രണ്ടാഴ്ചപോലും തികഞ്ഞില്ല. മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളും അനുബന്ധ വിഷയങ്ങളുമായിരുന്നു അതിൽ ഹൃദയവേദനയോടെയും ആത്മരോഷത്തോടെയും സമൂഹമനഃസാക്ഷിക്കുമുന്നിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ കർഷകരുടെ നടുവൊടിക്കുന്ന മറ്റൊരു വിഷയത്തെക്കുറിച്ചെഴുതാൻ നിർബന്ധിതമായിരിക്കുന്നു. രാസവളങ്ങളുടെ വിലവർധനയെക്കുറിച്ചാണു പറഞ്ഞുവരുന്നത്. 50 രൂപ മുതൽ 250 രൂപ വരെയാണ് ഈ വർഷം രാസവളങ്ങൾക്ക് വില കൂടിയത്. ചെറിയ കർഷകർ മുതൽ വൻകിട കർഷകർക്കുവരെ വലിയ തിരിച്ചടിയാണുണ്ടായത്. വിലവർധനയ്ക്കൊപ്പം കരിഞ്ചന്തയും പൂഴ്ത്തിവയ്പും കൂടിയായപ്പോൾ വളം കിട്ടാനുമില്ലാതായി. സർക്കാർ സംവിധാനങ്ങൾ കരിഞ്ചന്തക്കാർക്കൊപ്പമാണെന്ന ആരോപണം വ്യാപകമായി. ഹരിയാനയിൽ ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) പൂഴ്ത്തിവച്ച ഗോഡൗൺ കർഷകർ റെയ്ഡ് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, തെലുങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും പ്രതിഷേധത്തിന്റെ അലയടികൾ ഉയർന്നുകഴിഞ്ഞു.
“ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾ ലോകമെമ്പാടുമുള്ള ഭക്ഷണമേശകളിൽ എത്തുന്നതു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” കേൾക്കാൻ ഇന്പമുള്ള ഈ വാക്കുകൾ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. അദ്ദേഹത്തിന്റെ സർക്കാർ കർഷകരോട് ചെയ്യുന്നതോ? രണ്ടുവർഷത്തിനിടെ വളം സബ്സിഡിയിൽ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് 84,000 കോടി രൂപയെന്നാണു കണക്ക്. 2023-24ൽ സബ്സിഡിക്ക് 2.51 ലക്ഷം കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് 2025-26ലെ ബജറ്റിൽ നീക്കിവച്ചത് 1.67 ലക്ഷം കോടി രൂപ മാത്രം. രാജ്യാന്തരവിപണിയിൽ രാസവളത്തിനും രാസവളഘടകങ്ങൾക്കും വില കുതിച്ചുയരുന്പോഴാണിതെന്നോർക്കണം. റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ, ഡിഎപി കയറ്റുമതി ചൈന റദ്ദാക്കിയത് തുടങ്ങി രാജ്യാന്തരവിപണിയിലെ വിലക്കയറ്റത്തിനു കാരണങ്ങൾ പലതാണ്. ഇവയെല്ലാം മറികടക്കാൻ കർഷകർക്കുണ്ടായിരുന്ന ഏക ആശ്വാസമാണ് സബ്സിഡി.
യൂറിയ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വളമാണ് ഡിഎപി. നേരിട്ടുപയോഗിക്കാവുന്ന ഈ വളത്തിന്റെ കയറ്റുമതിയിലും ആഗോള വിതരണത്തിലും ചൈന വൻതോതിൽ കുറവു വരുത്തിയതോടെ ഖാരിഫ് സീസൺ ഇന്ത്യയിലെ കർഷകർക്ക് ദുഃസ്വപ്നമാവുകയാണ്. പഞ്ചാബ് അടക്കമുള്ള കർഷകസംസ്ഥാനങ്ങളിൽ പൊതുവിപണിയിൽ ഡിഎപി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പുലർച്ചെ മുതൽ കർഷകർ വളത്തിനായി വരിനിൽക്കുന്പോൾ തൊട്ടടുത്ത ഗോഡൗണുകളിൽ ഡിഎപി പൂഴ്ത്തിവച്ചതാണ് കർഷകരെ രോഷാകുലരാക്കിയത്. കഴിഞ്ഞ ഖാരിഫ്-റാബി സീസണുകൾക്കായി കേന്ദ്രസർക്കാർ 4.91 ലക്ഷം ടൺ ഡിഎപിയാണ് നല്കിയത്. ആവശ്യമുണ്ടായിരുന്നത് 5.85 ലക്ഷം ടണ്ണും. മുൻവർഷത്തെ സ്റ്റോക്കുപയോഗിച്ചാണ് വലിയ പ്രതിസന്ധി മറികടന്നത്.
സൗദി അറേബ്യ, റഷ്യ, മൊറോക്കോ, ജോർദാൻ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് ഡിഎപി ക്ഷാമം പരിഹരിക്കാൻ ശ്രമമുണ്ടെങ്കിലും ഇതൊന്നും ആവശ്യത്തിന് തികയുന്നില്ല. റാബി സീസണു മുന്പ് പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര രാസവളം മന്ത്രാലയം പറയുന്പോഴും എങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് കൃഷിമന്ത്രി പി. പ്രസാദും കർണാടക കൃഷിമന്ത്രി എൻ. ചെലുവരായ സ്വാമിയും കേന്ദ്ര രാസവളം മന്ത്രി ജെ.പി. നഡ്ഡയ്ക്കു കത്തെഴുതിയെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല.
വിലവർധന മൂലം കേരളത്തിൽ നെല്ലിന്റെ ഉത്പാദനച്ചെലവ് ഒരേക്കറിന് 40,000 രൂപയിലധികമായി. നേരത്തേ 28,000 രൂപയായിരുന്നു ചെലവ്. വില കൂടിയതോടെ ഫോസ്ഫേറ്റ് വളങ്ങളുടെയും പൊട്ടാഷ് വളങ്ങളുടെയും ഉപയോഗം കുറഞ്ഞു. ഇത് വിളവു കുറയാനും വരുമാനനഷ്ടത്തിനും ഇടയാക്കുകയും ചെയ്തു. സബ്സിഡി വെട്ടിക്കുറച്ചതോടെ കേരളത്തിൽ ഒരു ചാക്ക് പൊട്ടാഷിന് 250 രൂപയാണ് വർധിച്ചത്. 50 കിലോയ്ക്ക് 1,550 രൂപയായിരുന്നത് 1,800 രൂപയായി. ഫാക്ടംഫോസിനാകട്ടെ 1,325 രൂപയിൽനിന്ന് 1,425 രൂപയിലെത്തി. പല അത്യാവശ്യവളങ്ങളും വേണ്ടത്ര കിട്ടാനുമില്ല. രാസവളം വിലവർധനയ്ക്കനുബന്ധമായി കോഴിവളത്തിനും ചാണകപ്പൊടിക്കും ആട്ടിൻകാഷ്ഠത്തിനുമൊക്കെ വിലയേറിയതോടെ കർഷകർ പ്രതിസന്ധിയിലാണ്. വന്യമൃഗശല്യം, വിലയിടിവ് തുടങ്ങിയ പതിവു വൈതരണികൾ വേറെയും.
രാജ്യത്തെ കർഷകരുടെ ദുരിതത്തെക്കുറിച്ചെഴുതുന്നതെല്ലാം കൃത്യമായ ഇടവേളകളിൽ ആവർത്തിക്കേണ്ടിവരുന്നു എന്നതാണ് ദുഃഖവും രോഷവും ഇരട്ടിപ്പിക്കുന്ന വസ്തുത. കർഷകർക്കും തൊഴിലാളികൾക്കും മറ്റു സാധാരണ ജനവിഭാഗങ്ങൾക്കും വാഗ്ദാനങ്ങളും വാഴ്ത്തുപാട്ടുകളും; രാജ്യത്തിന്റെ സന്പത്തും അധികാരവും നിയന്ത്രിക്കുന്ന കോർപറേറ്റ് ഭീമന്മാർക്കു വഴിവിട്ട സഹായങ്ങളും അകമഴിഞ്ഞ പിന്തുണയും. ഇതായിരിക്കുന്നു ഇന്നത്തെ അവസ്ഥ. നശിക്കുന്ന ഓരോ കൃഷിയിടത്തിലും ഭരണാധികാരികളുടെ പേരുവച്ചെഴുതിയ കുറ്റപത്രമായി ഒരു ആത്മഹത്യാക്കുറിപ്പുണ്ട് എന്നു മുന്പൊരു മുഖപ്രസംഗത്തിൽ എഴുതിയിരുന്നു. എന്നും എപ്പോഴും എല്ലാ കാര്യങ്ങളും ഒരുപോലെയായിരിക്കില്ലെന്ന ചരിത്രസത്യവും ജനങ്ങളാൽ വിചാരണ ചെയ്യപ്പെടുന്ന കാലം അതിവിദൂരമല്ലെന്ന കർഷകശാപവും ഭരണാധികാരികൾ ഓർക്കുന്നത് നന്ന്.
Tags :