ADVERTISEMENT
ലക്നോ: ഉത്തർപ്രദേശിലെ ബൽറാംപുരിൽ കഴിഞ്ഞദിവസം പിടിയിലായ മതപരിവർത്തന റാക്കറ്റിനെതിരേ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മതപരിവർത്തന നിരോധന നിയമപ്രകാരം ലക്നൗവിലെ ഗോമതിനഗറിൽ യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് രജിസ്ട്രർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇഡിയുടെ അന്വേഷണം. മറ്റു മതങ്ങളിൽപെട്ടവരെ മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാൻ ആസൂത്രിത ശ്രമങ്ങളാണ് യുപിയിൽ നടന്നുവന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മുഖ്യപ്രതി ഛംഗൂർ ബാബ എന്ന ജലാലുദ്ദീൻ ഉൾപ്പെടെ നാലു പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. ജമാലുദ്ദീൻ എന്ന നവീൻ, മെഹബൂബ, സസ്രീൻ എന്നിവരെ എടിഎസ് നേരത്തേ പിടികൂടിയിരുന്നു.
ദരിദ്രർ, സമൂഹത്തിന്റെ താഴെക്കിടയിലുള്ള തൊഴിലാളികൾ, വിധവകൾ എന്നിവരെ പണംകൊടുത്തു സ്വാധീനവലയത്തിലാക്കി വിവാഹ വാഗ്ദാനവും ഇൻസെന്റീവും നല്കിയും പിന്നീട് ഭീഷണിപ്പെടുത്തിയും മുസ്ലിം മതത്തിലേക്കു പരിവർത്തനം ചെയ്യിക്കുന്നതായിരുന്നു ഇവരുടെ രീതി. ഇവരുടേത് ദേശവിരുദ്ധ പ്രവർത്തനമാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മതപരിവർത്തന റാക്കറ്റിന്റെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്നും ശക്തമായ നിയമനടപടിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Tags :