ADVERTISEMENT
മംഗളുരു: ധർമസ്ഥലയിൽ ലൈംഗികാതിക്രമങ്ങൾക്കിരയായി കൊല ചെയ്യപ്പെട്ട സ്കൂൾ വിദ്യാർഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ മറവുചെയ്യാൻ നിർബന്ധിതനായിട്ടുണ്ടെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഭാരതീയ ന്യായസംഹിത 211 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തെളിവുകൾ ശേഖരിക്കുന്നതിനും അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനും കോടതിയുടെ അനുമതി തേടി. ശുചീകരണ ത്തൊഴിലാളിയുടെ പരാതിക്കൊപ്പം സമർപ്പിച്ചിരുന്ന മൃതദേഹഭാഗങ്ങളുടെ ഫോട്ടോയും കോടതിയിൽ ഹാജരാക്കി. നേത്രാവതി നദിക്കരയിലെ വനമേഖലയിൽ മൃതദേഹങ്ങൾ സംസ്കരിച്ചതായി പറയുന്ന ഇടങ്ങളിൽ കോടതിയുടെ അനുമതിയോടെ കുഴിച്ച് പരിശോധന നടത്താനാണു തീരുമാനം.
വെളിപ്പെടുത്തലുകൾ നടത്തിയ ആളിനും കുടുംബത്തിനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 2018 ലെ നിയമവ്യവസ്ഥ പ്രകാരം സംരക്ഷണം നല്കുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ജില്ലാ ജഡ്ജിയും പോലീസ് മേധാവിയും ചീഫ് പ്രോസിക്യൂട്ടറുമടങ്ങുന്ന കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഇയാളുടെ സുരക്ഷ ഉറപ്പുവരുത്തും.
ബംഗളൂരുവിലെ അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിൻ ദേശ്പാണ്ഡെയുമാണു മുൻ ശുചീകരണ തൊഴിലാളിയുടെ പരാതി പോലീസിനു മുമ്പാകെ എത്തിച്ചത്. 1998 നും 2014 നും ഇടയിലുള്ള കാലത്താണ് പരാതിക്കാരൻ തന്റെ സൂപ്പർവൈസറുടെ നിർദേശപ്രകാരം മൃതദേഹാവശിഷ്ടങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായതെന്നും 2014 മുതൽ ധർമസ്ഥലയും കർണാടകയും വിട്ട് മറ്റൊരു സംസ്ഥാനത്ത് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നുവെന്നും അവർ പറഞ്ഞു. കുറ്റബോധവും കൊല്ലപ്പെട്ട ആളുകൾക്ക് നീതി ലഭ്യമാക്കണമെന്ന അതിയായ ആഗ്രഹവും മൂലമാണ് ഇപ്പോൾ ഈ കാര്യങ്ങൾ തുറന്നുപറയാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ഈ വെളിപ്പെടുത്തലുകൾ തെറ്റാണെന്നു തെളിഞ്ഞാൽ എന്തു ശിക്ഷയും അനുഭവിക്കാൻ തയാറാണെന്നും ഇതുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്കുൾപ്പെടെ വിധേയനാകാൻ സന്നദ്ധമാണെന്നും പരാതിക്കാരൻ അറിയിച്ചതായും അവർ വ്യക്തമാക്കി.
സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളുടെ മൃതദേഹങ്ങൾ പോലും സംസ്കരിക്കാൻ താൻ നിർബന്ധിതനായിരുന്നതായി പരാതിക്കാരന്റെ വെളിപ്പെടുത്തലിൽ പറയുന്നു. 12 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിയെ സ്കൂൾ ബാഗിനൊപ്പമാണ് മറവുചെയ്തത്. മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കപ്പെട്ടിരുന്ന ഒരു യുവതിയുടെ മൃതദേഹം കത്തിച്ചുകളയാൻ താൻ നിർബന്ധിതനായിരുന്നതായും പരാതിയിൽ പറയുന്നു.
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആരുടെയും പേരുകൾ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടില്ല. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പുനല്കിയാൽ ബന്ധപ്പെട്ടവരുടെ പേരുകളുൾപ്പെടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്നും പരാതിയിൽ പറയുന്നു.
ധർമസ്ഥല ക്ഷേത്ര ഭരണസമിതിക്കും ധർമാധികാരി ഡോ.ഡി. വീരേന്ദ്ര ഹെഗ്ഡെയ്ക്കും എതിരേ ആരോപണങ്ങളുന്നയിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ആർ. ദേവദാസിന്റെ വിധിക്കെതിരേ കർണാടക രാഷ്ട്രസമിതി എന്ന സംഘടന രാഷ്ട്രപതിക്കു പരാതി നല്കി. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പുനല്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും നിയമസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാർത്തകളും വീഡിയോകളും ഇന്റർനെറ്റിൽ നിന്നു നീക്കംചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. അധികാര ദുർവിനിയോഗം നടത്തിയതിന് ജഡ്ജിക്കെതിരേ ഇംപീച്ച്മെന്റ് നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതിനിടെ, ധർമസ്ഥലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പോലീസിന് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് ഓൺലൈൻ മാധ്യമപ്രവർത്തകനായ സുദർശൻ ബയാലുവിനെതിരേ ധർമസ്ഥല പോലീസ് കേസെടുത്തിട്ടുണ്ട്.
Tags : dharmasthala controversy