ADVERTISEMENT
ബാലസോർ: ബലാത്സംഗ പരാതിയിൽ നീതികിട്ടിയില്ലെന്നാരോപിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിക്കു മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. 95 ശതമാനം പൊള്ളലേറ്റ വിദ്യാർഥിയെ ഭുവനേശ്വറിലെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെൺകുട്ടിയുടെ നില അതീവഗുരതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പെൺകുട്ടിയെ സന്ദർശിച്ച മുഖ്യമന്ത്രി ഡോക്ടറുമായും പെൺകുട്ടിയുടെ ബന്ധുക്കളുമായും സംസാരിച്ചു.
ശനിയാഴ്ചയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് ഡോ. അശുതോഷ് ബിശ്വാസ് പറഞ്ഞു. ശരീരത്തിൽ 95 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. വൃക്കകളും ശ്വാസകോശവും തകരാറിലാണെന്നും ഡോക്ടർ അറിയിച്ചു. പെൺകുട്ടിയുടെ ചികിത്സയ്ക്ക് എട്ടംഗ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഒഡീഷയിലെ പ്രതിപക്ഷ പാർട്ടികളായ ബിജെഡിയും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. മാജിയും ഉന്നത വിദ്യാഭ്യാസ മന്ത്രി സൂര്യബൻഷി സൂരജും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെഡിയും കോൺഗ്രസും പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വസതിലേക്കായിരുന്നു മാർച്ച്.
മൂന്നംഗ ഉന്നതതല സമിതി ഫക്കീർ മോഹൻ കോളജ് സന്ദർശിച്ചു. ഉന്നത വിദ്യാഭ്യാസ ഡയറക്ടർ കാളി പ്രസന്ന മൊഹാപത്ര, ജോയിന്റ് സെക്രട്ടറി മൗസുമി നായക്, പ്രഫസർ ജുംകി രത് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സിമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഫാക്കിർ മോഹൻ കോളജിലെ ബിഎഡ് രണ്ടാം വർഷ വിദ്യാർഥിനിയാണ് വകുപ്പ് മേധാവിയായ സമീർ കുമാർ സാഹുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ചത്. ലൈംഗികമായും മാനസികമായും പീഡിപ്പിച്ചെന്നാരോപിച്ച് പെൺകുട്ടി സ്വയംതീകൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ലൈംഗിക താത്പര്യങ്ങൾക്കു സമ്മതിച്ചില്ലെങ്കിൽ ഭാവിയില്ലാതാക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു.
കോളജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പെൺകുട്ടിയും മറ്റു വിദ്യാർഥികളും ചേർന്ന് സംഭവത്തിൽ പ്രതിഷേധിച്ചു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ പെൺകുട്ടി അപ്രതീക്ഷിതമായി പ്രിൻസിപ്പലിന്റെ മുറിയുടെ അടുത്തേക്കു പോകുകയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
Tags :