ADVERTISEMENT
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വിവാദ ചില്ലുകൊട്ടാരത്തിനു (ശീഷ് മഹൽ) പിന്നാലെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതിയിലെ 60 ലക്ഷം രൂപയുടെ നവീകരണം വൻ വിവാദമായി. 33.66 കോടി രൂപ ചെലവഴിച്ച് കേജരിവാൾ പുതുതായി നിർമിച്ച കൊട്ടാരസമാനമായ വീടിനെച്ചൊല്ലി മുഖ്യമന്ത്രിക്കെതിരേ പ്രചാരണം നടത്തിയ ബിജെപി മുഖ്യമന്ത്രിയും ഖജനാവിലെ നികുതിപ്പണം ധൂർത്തടിച്ചു വസതി നവീകരിക്കുന്നതാണു വിരോധാഭാസമായത്.
ഡൽഹി രാജ് നിവാസ് മാർഗിലുള്ള മുഖ്യമന്ത്രിയുടെ ഒന്നും രണ്ടും നന്പർ ബംഗ്ലാവുകളിലാണ് അഞ്ചു ടെലിവിഷനുകൾ, 7.7 ലക്ഷം രൂപയുടെ 14 എസികൾ, കുളിക്കാൻ ചൂടുവെള്ളത്തിന് 91,000 രൂപയുടെ ആറ് ഗീസറുകൾ, 1.8 ലക്ഷം രൂപയുടെ റിമോട്ട് കണ്ട്രോളുള്ള 23 സീലിംഗ് ഫാനുകൾ, 5.74 ലക്ഷം രൂപയുടെ 14 സിസിടിവി കാമറകൾ, 85,000 രൂപയുടെ ഒടിജി (ഓവൻ ടോസ്റ്റ് ഗ്രിൽ), 32,000 രൂപയുടെ മൈക്രോവേവ്, 77,000 രൂപയുടെ ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, 60,000 രൂപയുടെ ഡിഷ് വാഷർ, 63,000 രൂപയുടെ ഗ്യാസ് സ്റ്റൗ തുടങ്ങിയവ സ്ഥാപിക്കുന്നത്. ഇതിനു പുറമെ വൈദ്യുതി വിളക്കുകൾക്കു മാത്രമായി മൊത്തം 6,03,939 രൂപയാണു ചെലവാക്കുക. 115 വിളക്കുകൾ, വാൾ ലൈറ്ററുകൾ, തൂക്കുവിളക്കുകൾ, മൂന്നു വലിയ ചാൻഡ്ലിയറുകൾ എന്നിവയ്ക്കാണിത്. തടസമില്ലാത്ത വൈദ്യുതി വിതരണ സംവിധാനത്തിനായി രണ്ടു ലക്ഷം രൂപയുടെ യുപിഎസും വാങ്ങുമെന്ന് പൊതുമരാമത്തു വകുപ്പിന്റെ ടെൻഡർ നോട്ടീസിൽ പറയുന്നു.
രാജ് നിവാസ് മാർഗിനു തൊട്ടുചേർന്നുള്ള രണ്ടു ബംഗ്ലാവുകളാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി അനുവദിച്ചത്. ഇതിൽ ഒന്നാമത്തെ ബംഗ്ലാവ് താമസത്തിനും രണ്ടാമത്തേത് ഔദ്യോഗിക വസതിയിലെ ക്യാന്പ് ഓഫീസായും പ്രവർത്തിക്കും. വലിയ ബംഗ്ലാവിന്റെ നവീകരണത്തിനു മാത്രമായാണ് 60 ലക്ഷം രൂപയുടെ ടെൻഡർ നൽകിയത്.
ജൂണ്‍ 28ന് നൽകിയ ടെൻഡർ നാളെത്തന്നെ തുറന്ന് കരാർ അനുവദിക്കും. ഈ മാസംതന്നെ പണികൾ പൂർത്തിയാക്കാൻ പൊതുമരാമത്തു വകുപ്പിനോടു നിർദേശിച്ചിട്ടുണ്ട്. വസതികളുടെ നവീകരണം പൂർത്തിയായാലുടൻ ഷാലിമാർ ബാഗിലെ വീട്ടിൽനിന്നു മുഖ്യമന്ത്രി രേഖ ഗുപ്ത ഔദ്യോഗിക വസതിയിലേക്കു താമസം മാറും.
മുൻ മുഖ്യമന്ത്രി കേജരിവാളിന്റെ ആഡംബര ഔദ്യോഗിക വസതിയായ ഫ്ളാഗ് സ്റ്റാഫ് റോഡിലെ ശീഷ് മഹൽ എന്ന് ആക്ഷേപിക്കപ്പെട്ട ആറാം നന്പർ വിവാദ ബംഗ്ലാവിൽ താമസിക്കില്ലെന്നു ഡൽഹി മുഖ്യമന്ത്രിയായി ഫെബ്രുവരിയിൽ സത്യപ്രതിജ്ഞ ചെയ്തയുടനെ രേഖ ഗുപ്ത പ്രഖ്യാപിച്ചിരുന്നു. കേജരിവാൾ പണിത കണ്ണാടിമാളികയെ മ്യൂസിയം ആക്കുമെന്നു ബിജെപി വ്യക്തമാക്കി.
കേജരിവാളിനുവേണ്ടി മുഖ്യമന്ത്രിയുടെ വസതി നവീകരണത്തിന് മൊത്തം 33.66 കോടി രൂപ ചെലവഴിച്ചതായി സിഎജി റിപ്പോർട്ടിൽ പരാമർശിച്ചതോടെയാണു തെരഞ്ഞെടുപ്പുകാലത്തു വിവാദം കൊഴുത്തത്. പാവപ്പെട്ടവരുടെ നേതാവായെത്തി എളിമ പറഞ്ഞിരുന്ന കേജരിവാൾ സ്വന്തം ആവശ്യത്തിനായി കോടികൾ ചെലവഴിച്ചു "ചില്ലു കൊട്ടാരം’ പണിതെന്ന ബിജെപിയുടെ ആരോപണം വോട്ടർമാരെ സ്വാധീനിച്ചു.
40,000 ചതുരശ്രയടി വിസ്തൃതിയുള്ള ആഡംബരവസതിയായ പുനർനിർമിച്ച ബംഗ്ലാവ് 2015 മുതൽ 2024 ഒക്ടോബർ വരെ കേജരിവാളിന്റെ ഒൗദ്യോഗിക വസതിയായിരുന്നു. എന്നാൽ, വലിയ വസതിയുടെ പേരിൽ കേജരിവാളിനെ വിമർശിച്ച ബിജെപി മുഖ്യമന്ത്രിയാണ് അധികാരത്തിലെത്തിയപ്പോൾ രണ്ടു വലിയ ബംഗ്ലാവുകൾ സ്വന്തമാക്കിയതും ലക്ഷങ്ങൾ മുടക്കി നവീകരിക്കുന്നതുമെന്ന് ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി.
കേജരിവാളിന്റെ ചില്ലുകൊട്ടാരം
സ്വന്തം സന്തോഷത്തിന്: രേഖ
ഡൽഹിയിലെ ജനങ്ങളുടെ കഠിനാധ്വാനത്തിലൂടെ സന്പാദിച്ച പണത്തിൽനിന്നാണു മുൻ മുഖ്യമന്ത്രി തന്റെ സന്തോഷത്തിനായി കണ്ണാടിമാളിക (ശീഷ് മഹൽ) നിർമിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ഖജനാവിൽനിന്നെടുത്ത പണം കേജരിവാൾ തിരികെ നൽകണമെന്ന് ബിജെപി മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ രണ്ടു വലിയ ബംഗ്ലാവുകളുടെ നവീകരണത്തിന് രേഖ ഗുപ്ത 60 ലക്ഷം രൂപ ചെലവിടുന്ന വിവരം ഇന്നലെ പുറത്തുവന്നതിനു പിന്നാലെയാണു മുൻ മുഖ്യമന്ത്രിയുടെ ധൂർത്തിനെ രേഖ വിമർശിച്ചത്.
മുഗൾ ഭരണകാലത്തു നിർമിച്ച ശീഷ് മഹൽ അടക്കമുള്ള ഡൽഹിയിലെ പൈതൃക നിർമിതികൾ നവീകരിച്ചു തുറന്നുകൊടുത്ത ചടങ്ങിലായിരുന്നു മുൻ മുഖ്യമന്ത്രിക്കെതിരായ മുഖ്യമന്ത്രിയുടെ പരസ്യ വിമർശനം. “ഈ ശീഷ് മഹൽ പൊതുജനങ്ങളുടെ സൗകര്യത്തിനായി സമർപ്പിച്ചിരിക്കുന്നു. മുൻ സർക്കാരുകളും നിലവിലെ സർക്കാരും തമ്മിലുള്ള വ്യത്യാസം ഇതാണ്.’’ രേഖ ഗുപ്ത പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രിക്കു പുറമെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന, കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, ബിജെപി എംപി പ്രവീണ്‍ ഖണ്ഡേൽവാൾ എന്നിവർ പങ്കെടുത്തു. ഇതിനിടെ പുരാതന ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് മഹാരാജ അഗ്രസെൻ റെയിൽവേ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യണമെന്ന് അഭ്യർഥിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുഖ്യമന്ത്രി രേഖ കത്തെഴുതിയിട്ടുണ്ട്.
Tags : Delhi CM's bungalow