ADVERTISEMENT
ന്യൂഡൽഹി: യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും കോവിഡ് വാക്സിനുകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി (എയിംസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് മരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ദേശീയ പഠനം കണ്ടെത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ കാരണങ്ങളാൽ പെട്ടെന്നുള്ള മരണങ്ങൾക്ക് ജീവിതശൈലി, ജനിതകം, മുൻപുണ്ടായിരുന്ന കാരണങ്ങൾ, കോവിഡാനന്തര സങ്കീർണതകൾ എന്നിങ്ങനെ പല കാരണങ്ങളും ഉണ്ടാകാമെന്നും പഠനത്തിൽ പറയുന്നു.
കർണാടകയിലെ ഹാസൻ ജില്ലയിൽ 40 ദിവസത്തിനിടെ 23 പേരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതെന്നും കോവിഡ് വാക്സിൻ തിടുക്കത്തിൽ അംഗീകരിച്ചതും വിതരണം ചെയ്തതും ഈ മരണങ്ങൾക്ക് കാരണമായെന്ന് കരുതുന്നതായും മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചിരുന്നു.
കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങൾ പഠിക്കുന്നതിനായി ഒരു പാനൽ രൂപീകരിക്കുന്നതായും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
18 നും 45 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ, പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കാൻ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്.
ഇന്ത്യയിലെ കോവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ വിരളമാണെന്നും ഐസിഎംആറും എൻസിഡിസിയും പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Tags : Covid Vaccine Heart Attack