ADVERTISEMENT
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി അടിക്കാന്‍ കൈയോങ്ങിയതിനു പിന്നാലെ വിരമിക്കാനൊരുങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥന് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി നിയമനം.
എഎസ്പി (അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്)യായിരുന്ന നാരായണ്‍ ബരാമണിക്കാണ് ക്രമസമാധാന ചുമതലയുള്ള ഡിസിപിയായി നിയമനം.
ധര്‍വാഡിലെ എഎസ്പിയായിരുന്ന നാരായണ്‍ ബരാമണി മുഖ്യമന്ത്രി പരസ്യമായി അപമാനിച്ചതിനു പിന്നാലെ സര്‍വീസില്‍ തുടരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സ്വമേധയാ വിരമിക്കുകയാണെന്ന് പറഞ്ഞിരുന്നു.
പിന്നീട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന് രാജികത്ത് പിന്‍വലിച്ചു. ജൂലൈ മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നു.
ഏപ്രില്‍ 28ന് വിലക്കയറ്റത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ബെലഗാവിയില്‍ വച്ച് നടന്ന കോണ്‍ഗ്രസ് പ്രതിഷേധ റാലിക്കിടെയായിരുന്നു സിദ്ധരാമയ്യ പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിച്ചത്.
കരിങ്കൊടി വീശി മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ റാലി അലങ്കോലപ്പെടുത്താന്‍ ശ്രമം നടത്തിയപ്പോള്‍ സിദ്ധരാമയ്യ വേദിയില്‍ നിന്ന എഎസ്പിയെ വിളിച്ച് താനവിടെ എന്തുചെയ്യുകയായിരുന്നു എന്ന് ചോദിച്ച് അടിക്കാന്‍ കൈയോങ്ങുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ അടി കൊണ്ടില്ല.
തുടര്‍ന്ന് ജൂണ്‍ പതിനാലിനാണ് നാരായണ്‍ ബരാമണി രാജിക്കത്ത് സമര്‍പ്പിച്ചത്. സംഭവം വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും മനോവീര്യം തകര്‍ത്തെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.
Tags :